
ആലപ്പുഴ: തുടർച്ചയായ രണ്ടാം വർഷവും കെൽട്രോണിന്റെ പ്രവർത്തന മികവിന് തമിഴ്‌നാട് സർക്കാരിന്റെ അംഗീകാരം. തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷ തമിഴ്നാട് പദ്ധതിയിൽ 205 കോടിയുടെ ഓർഡറാണ് സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോണിനെ തേടിയെത്തിയത്.
ഓർഡർ പ്രകാരം 654 ഹൈടെക് ഐടി ലാബുകളും 1,016 ഐടി ലാബുകളും 5,732 സ്‌മാർട് ക്ലാസ് റൂമുകളുമാണ് കെൽട്രോൺ ഒരു വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ സമഗ്ര ശിക്ഷ തമിഴ്‌നാടിനായി ഒരുക്കുക. അഞ്ചുവർഷത്തെ സാങ്കേതിക പിന്തുണനൽകും. അറ്റകുറ്റപ്പണിയും നടത്തും. കെൽട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുക.
ഡെസ്‌ക് ടോപ് കംപ്യൂട്ടർ, വെബ് കാമറ, ഇൻഡോർ ഐപി കാമറ, അഞ്ച് കെവിഎ യുപിഎസ്, ഇന്റർനെറ്റ് റൂട്ടർ, നെറ്റ്‌വർക്ക് കണക്ടിവിറ്റി എന്നിവ ഉൾപ്പെടുന്നതാണ് ഹൈടെക് ലാബുകൾ.
ലാപ്‌ടോപ് കംപ്യൂട്ടർ, പ്രൊജക്ടർ, യുഎസ്‌ബി മൾട്ടിമീഡിയ സ്‌പീക്കറുകൾ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് എന്നിവ സ്‌മാർട്ട് ക്ലാസ്‌റൂം സജ്ജീകരണത്തിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷവും 1,075 കോടിയുടെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നു. 8,209 ഹൈടെക് ഐടി ലാബുകളും അവയുടെ ഏകോപനത്തിനായി കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും 22,931 സ്‌മാർട് ക്ലാസ് റൂമുകളുമാണ് 2024–ൽ കെൽട്രോൺ വിജയകരമായി സ്ഥാപിച്ചത്. പ്രൈമറി സ്‌കൂളുകളിലെ അധ്യാപകർക്ക് 79,723 ടാബ്ലറ്റ് കംപ്യൂട്ടറുകളും വിതരണം ചെയ്‌തിരുന്നു.