
ഇടുക്കി: ഇടുക്കി ജില്ലയിൽ അതിവേഗം മുന്നേറി കെ-ഫോൺ കണക്ഷൻ. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി വൻ സ്വീകാര്യതയാണ് ഇടുക്കി ജില്ലയിൽ കെ-ഫോണിന് ലഭിച്ചിട്ടുള്ളത്. പദ്ധതി വഴി 5449 കണക്ഷനുകള്‍ ഇതിനോടകം ജില്ലയിൽ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335 സര്‍ക്കാര്‍ ഓഫീസുകളിൽ കെ-ഫോണ്‍ നെറ്റുവര്‍ക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ 402-ഓളം ബിപിഎല്‍ ഉപഭോക്താക്കൾക്കും കെ-ഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
“മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും വിനോദസഞ്ചാര മേഖലയെയും ഡിജിറ്റലൈസ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. അതിനെ മറികടന്ന് ഇടുക്കിയിൽ 5000 -ൽ അധികം വീടുകൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനായത് കെ-ഫോൺ പദ്ധതിയുടെ വിജയത്തിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ ഓരോ കോണിലും വിശ്വാസയോഗ്യമായ ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, കെ-ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു ഐഎഎസ് (റിട്ട.) പറഞ്ഞു. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.






