
കൊച്ചി: ആഗോള സ്വർണാഭരണ റീട്ടെയില്‍ ഗ്രൂപ്പായ ജോയ്‌ആലുക്കാസും യു.എ.ഇയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ എമിറേറ്റ്സ് എൻ.ബി.ഡിയും തമ്മില്‍ 500 ദശലക്ഷം ദിർഹത്തിന്റെ (1,180 കോടി രൂപ) മൂലധന നിക്ഷേപ കരാറിലെത്തി.
യു.കെ, യു.എസ്.എ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിനും സ്വർണാഭരണ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും എമിറേറ്റ്സ് എൻ.ബി.ഡി ധനസഹായം നല്‍കും. ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം പിൻവലിക്കാവുന്നതും തിരിച്ചടവ് നടത്താവുന്നതുമായ ‘റിവോള്‍വിങ്’ രീതിയിലാണ് കരാർ.
അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപാരം വിപുലീകരിക്കുന്നതിനുള്ള തന്ത്രപ്രധാന കരാറാണ് എമിറേറ്റ്സ് എൻ.ബി.ഡിയുമായി നടത്തുന്നതെന്ന് ജോയ്‌ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ആഗോള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജോയ്‌ആലുക്കാസുമായി കരാറിലെത്തിയതെന്ന് എമിറേറ്റ്സ് എൻ.ബി.ഡി ഹോള്‍സെയില്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി അഹമ്മദ് അല്‍ ഖാസിം പറഞ്ഞു.