
ന്യൂഡല്‍ഹി: സിങ്ക് ഓക്‌സൈഡ് നിര്‍മ്മാതാക്കളായ ജെജി കെമിക്കല്‍സ്, ഐപിഒ(പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 202.50 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 57 ലക്ഷം ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്)മാണ് ഐപിഒ. വിഷന്‍ പ്രൊജകട്‌സ് ആന്റ് ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 36.40 ലക്ഷം ഓഹരികളും സുരേഷ് കുമാര്‍ ജുന്‍ജുന്‍വാല 12.70 ലക്ഷം ഓഹരികളും അനിരുദ്ധ് ജുന്‍ജുന്‍വാല 6.50 ലക്ഷം ഓഹരികളും ജയന്തി കൊമേഴ്‌സ്യല്‍ ലിമിറ്റഡ് 1.40 ലക്ഷം ഓഹരികളും ഒഎഫ്എസ് വഴി വിറ്റഴിക്കും.
40 കോടി രൂപയുടെ പ്രീ ഐപിഒ പ്ലെയ്‌സ്‌മെന്റ് നടക്കുന്ന പക്ഷം ഇഷ്യുവലിപ്പം കുറയും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക, അനുബന്ധ കമ്പനിയായ ബിഡിജെ ഓക്‌സൈഡില്‍ നിക്ഷേപിക്കും. ഇതില്‍ 45 കോടി രൂപ വായ്പ തിരിച്ചടക്കുന്നതിനും 5.31 കോടി രൂപ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും 100 കോടി രൂപ പ്രവര്‍ത്തന മൂലധനമായും ഉപയോഗപ്പെടുത്തുമെന്ന് ഡിആര്‍എച്ച്പി പറയുന്നു.
സിങ്ക് ഓക്‌സൈഡ് നിര്‍മ്മാണത്തില്‍ ആഗോള തലത്തില്‍ മുന്‍നിരക്കാരാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെജി കെമിക്കല്‍സ്.ടയര്‍ ഉത്പാദകരാണ് സിങ്ക് ഓക്‌സൈഡിന്റെ പ്രധാന ഉപഭോക്താക്കള്‍. പെയിന്റ് ,പാദരക്ഷ, സൗന്ദര്യ വര്‍ദ്ധക വ്യവസായങ്ങളും കെമിക്കല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സെന്‍ട്രം കാപിറ്റല്‍, എംകെയ് ഗ്ലോബല്‍,കീനോട്ട് ഫിനാന്‍ഷ്യല്‍സ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരി ബിഎസ്ഇയിലും എന്‍എസ്ഇയിലും ഇഷ്യു ചെയ്യും.