
കൊച്ചി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും, ഐഐടി ഗുവാഹത്തിയും സിഎസ്ഐആര്‍- നീരി നാഗ്പൂരും സംയുക്തമായി നടത്തിയ മൂന്നാമത് അന്താരാഷ്ട്ര ആല്‍ഗല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് കാക്കനാട് രാജഗിരി വാലി കാംപസിൽ നടന്നു. ആധുനിക ഗവേഷണങ്ങള്‍ക്കൊടുവില്‍ ആരോഗ്യ സമൃദ്ധമായ ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിക്കുന്നതിനും മരുന്നുകളുടെ നിര്‍മിണത്തിനും ഇന്ന് ആല്‍ഗകള്‍ മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരും പങ്കെടുത്ത സമ്മേളനത്തില്‍ ആല്‍ഗയെ ആസ്പദമാക്കി ബയോ ടെക്നോളജി, ബയോ എനര്‍ജി, പരിസ്ഥിതി മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡിപ്പാര്‍ട്മെന്റ് ഓഫ് ബയോടെക്നോളജി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തിയത്.
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഡോ. സബീല ബീവി, സയന്റിസ്റ്റ്, രാജഗിരി ബയോ സയൻസ് സ്വാഗതം ആശംസിച്ചു. ഐഐടി ഗുവാഹത്തിയിലെ പ്രൊഫ.കെ മോഹന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിശാലമായ തീരപ്രദേശങ്ങളും ശുദ്ധജല തടാകങ്ങളുടെ സാന്നിദ്ധ്യവും ആല്‍ഗ വ്യവസായത്തിന് വലിയ സാധ്യതകള്‍ തുറന്ന് നല്‍കുന്നതായി പ്രൊഫ.കെ മോഹന്തി വ്യക്തമാക്കി.
ആല്‍ഗ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സമ്മേളനത്തില്‍ ആദരിച്ചു. ഡോ. കാഞ്ചന്‍ സാംഭ്വാനിക്ക് (ഐസിടി മുംബൈ) എമര്‍ജിംഗ് കരിയര്‍ അവാര്‍ഡ്, ഡോ.പൂനം ചൗധരിക്ക് (ഐഐടി റൂറ്കി) എര്‍ലി കരിയര്‍ അവാര്‍ഡ്, ഡോ.എസ് ദുര്‍ഗാദേവി (എന്‍ഐടി, തിരുച്ചിറപ്പള്ളി), ഡോ.സോണിയ ചൗധരി (ഐഐടി റൂറ്കി) എന്നിവര്‍ക്ക് സംയുക്തമായി മികച്ച പിഎച്ച്ഡി. തീസിസ് അവാര്‍ഡ്, കാക്കനാട് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ റോബീ കെ. മാത്യുവിന് മികച്ച മാസ്റ്റര്‍ തീസിസ് അവാര്‍ഡ് എന്നിവ ലഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും, ഇന്ത്യയിലെ ഐഐടി എന്‍ഐടി, സിഎസ്ഐആര്‍, സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയിലെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു. കൂടാതെ 35-ല്‍ അധികം ക്ഷണിത പ്രഭാഷകര്‍ ആല്‍ഗല്‍ ബയോ ടെക്നോളജി, മാലിന്യജല ശുദ്ധീകരണം, കാര്‍ബണ്‍ സീക്വെസ്ട്രേഷന്‍, ബയോ എനര്‍ജി, ആല്‍ഗ അടിസ്ഥാന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രാദേശികമായി ആല്‍ഗ കൃഷി ചെയ്യുന്നവര്‍ക്കും ഈ മേഖലയില്‍ ചെറുകിട സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയ അവസരങ്ങളാണ് സമ്മേളനം ഒരുക്കിയത്. സമ്മേളനത്തില്‍, ഭാവിയില്‍ ആല്‍ഗല്‍ ഗവേഷണ മേഖലയില്‍ കൂടുതല്‍ ദേശീയ-അന്തര്‍ദേശീയ സഹകരണങ്ങള്‍ രൂപപ്പെടുത്താനും, നവീന ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ശിപാര്‍ശകള്‍ നിര്‍ദേശിച്ചു.






