
മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ ഏകീകൃത അറ്റാദായം 33.44% ഇടിഞ്ഞ് 45.77 കോടി രൂപയായതായി ഇന്റലക്റ്റ് ഡിസൈൻ അരീന അറിയിച്ചു. അതേസമയം കമ്പനിയുടെ വരുമാനം മുൻ വർഷത്തെ 684 കോടി രൂപയിൽ നിന്ന് 836 കോടി രൂപയായി വർധിച്ചു.
അവലോകന കാലയളവിലെ കമ്പനിയുടെ പ്ലാറ്റ്‌ഫോം വരുമാനം 119 കോടി രൂപയാണ്, ഇത് 2022 സാമ്പത്തിക വർഷത്തിലെ 90 കോടി രൂപയിൽ നിന്ന് 33% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ രണ്ടാം പാദത്തിലെ ലൈസൻസ് വരുമാനം 68 കോടി രൂപയും എഎംസി വരുമാനം 90 കോടി രൂപയാണ്.
ഈ പാദത്തിൽ കമ്പനിക്ക് 14 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഉയർന്ന പണപ്പെരുപ്പ നിരക്കും കറൻസി ചാഞ്ചാട്ടവും മൂലമുള്ള നിലവിലുള്ള വിപണി അനിശ്ചിതത്വത്തിനിടയിലും 27% വാർഷിക വരുമാന വളർച്ചയാണ് തങ്ങൾ കൈവരിച്ചതെന്ന് ഇന്റലക്റ്റ് ഡിസൈൻ അരീന ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ ജെയിൻ പറഞ്ഞു.
ബാങ്കിംഗ്, ഇൻഷുറൻസ്, മൂലധന വിപണികളിലെ ആഗോള ഉപഭോക്താക്കൾക്കായി ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ്-നേറ്റീവ് എപിഐ അധിഷ്ഠിത മൾട്ടി-പ്രൊഡക്റ്റ് ഫിൻടെക് പ്ലാറ്റ്‌ഫോം ഇന്റലക്റ്റ് ഡിസൈൻ നൽകുന്നു. ഗ്ലോബൽ കൺസ്യൂമർ ബാങ്കിംഗ്, ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കിംഗ് (iGTB), റിസ്‌ക്, ട്രഷറി & മാർക്കറ്റ്‌സ്, ഇൻഷുറൻസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലൂടെ ഇത് ബാങ്കിംഗ്, ഇൻഷുറൻസ് സാങ്കേതിക ഉൽപ്പന്നങ്ങളുടെ പൂർണ്ണ സ്പെക്‌ട്രം വാഗ്ദാനം ചെയ്യുന്നു.