
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്രാക്‌ടിക്കല്‍ അനാലിറ്റിക്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി ഒന്‍പതിന് തുടങ്ങും. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ എഐ ഐപിഒ ആയിരിക്കും ഇത്.
ഫെബ്രുവരി 11 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 857-900 രൂപയാണ് ഇഷ്യു വില. 120 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഫെബ്രുവരി 12ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ഫെബ്രുവരി 16ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
2833.90 കോടി രൂപയാണ് ഫ്രാക്‌ടിക്കല്‍ അനാലിറ്റിക്‌സ് ഐപിഒ വഴി സമാഹരിക്കുന്നത്. 1023 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1810 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. 2000ല്‍ സ്ഥാപിതമായ ഫ്രാക്‌ടിക്കല്‍ അനാലിറ്റിക്‌സിന്റെ ഇടപാടുകാരില്‍ ആഗോള ഭീമന്മാരായ മൈക്രോസോഫ്‌റ്റ്, ആപ്പിള്‍, എന്‍വിഡിയ, ആല്‍ഫബറ്റ്, ആമസോണ്‍, മെറ്റ, ടെസ്ല തുടങ്ങിയവ ഉള്‍പ്പെടുന്നു.
900 രൂപ ഉയര്‍ന്ന ഇഷ്യു വിലയുള്ള ഐപിഒയ്‌ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 180 രൂപ പ്രീമിയമുണ്ട്. അതായത് ഇഷ്യു വിലയുടെ 20 ശതമാനം. ഗ്രേ മാര്‍ക്കറ്റിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ ഈ ഐപിഒ ലിസ്റ്റിംഗ് നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്. ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി ആഗോള തലത്തിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വിനിയോഗിക്കും.
യുഎസ് സബ്‌സിഡറിയായ ഫ്രാക്‌ടിക്കല്‍ യുഎസ്‌എയുടെ കടം തിരിച്ചടക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22 കോടി രൂപ ലാഭമാണ് കമ്പനി കൈവരിച്ചത്. 2023-24ല്‍ 5.47 കോടി രൂപ നഷ്‌ടമായിരുന്നു നേരിട്ടത്. 2765 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. 26 ശതമാനം വളര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.






