
ന്യൂഡൽഹി: ഇറാനും യുഎസും തമ്മിലെ യുദ്ധത്തിനും ഇന്ത്യയുടെ മികവുറ്റ ജിഡിപി വളർച്ചാ അടിത്തറ ഇളക്കാനായില്ല. റിസർവ് ബാങ്കിന്റെയടക്കം പ്രവചനങ്ങളെ കാറ്റിൽപ്പറത്തി നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ജിഡിപി 7.8% വളർന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും എതിരാളികളുടെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ നിലനിർത്തി.
മുൻവർഷത്തെ സമാനപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമായിരുന്നു. 7 ശതമാനത്തിന് മുകളിൽ വളർച്ച നിലനിർത്താൻ തുടർച്ചയായ 4-ാം പാദത്തിലും ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നതും നേട്ടമാണ്. എന്നാൽ, തൊട്ടുമുൻപത്തെ പാദത്തെ (ജനുവരി-മാർച്ച്) അപേക്ഷിച്ച് വളർച്ച കുറഞ്ഞുവെന്നത് നിരാശയാണ്. 8.6 ശതമാനമാണ് പുതുക്കിയ കണക്കുപ്രകാരം ഇക്കഴിഞ്ഞ ജനുവരി-മാർച്ചിലെ വളർച്ചനിരക്ക്. ആദ്യ വിലയിരുത്തലിൽ ഇത് 7.8 ശതമാനമായിരുന്നു.
ഇന്ത്യ തന്നെ നമ്പർ വൺ
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന ഇന്ത്യയുടെ പട്ടം പിടിച്ചെടുക്കാൻ സമീപത്തെങ്ങും എതിരാളികളില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. യുഎസ് 1.5%, ചൈന 4.3%, യുകെ 0.4%, ജർമനി 0.3%, ഫ്രാൻസ് പൂജ്യം ശതമാനം, ജപ്പാൻ 1.1% എന്നിങ്ങനെയാണ് വളർന്നത്. ദക്ഷിണ കൊറിയയുടെ വളർച്ച 3.7%, ഇറ്റലി 0.2%, ഇന്തൊനീഷ്യ 5.3%, തായ്‍ലൻഡ് 1.9%, കാനഡ 3.3%, ബ്രസീൽ 0.2% എന്നിങ്ങനെയുമാണ് വളർന്നത്.
പ്രവചനങ്ങൾ തെറ്റിച്ച് ഇന്ത്യൻ കുതിപ്പ്
ഇന്ത്യ ജൂൺപാദത്തിൽ 6.6% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. എസ്ബിഐ റിസർച്ച് 8% വളരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. റോയിട്ടേഴ്സ് സർവേ വിലയിരുത്തിയത് 7.1 ശതമാനവും. ഇതെല്ലാം നിഷ്പ്രഭമാക്കി മുന്നേറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി. അതായത്, സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.
ജിഡിപി മൂല്യം 81.36 ലക്ഷം കോടി രൂപ
ഏപ്രിൽ-ജൂൺ പാദത്തിൽ 81.36 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ജിഡിപിയുടെ മൂല്യം. മുൻവർഷത്തെ സമാനപാദത്തിൽ ഇതു 75.46 ലക്ഷം കോടി രൂപയായിരുന്നു; അതായത് കഴിഞ്ഞപാദത്തിൽ 7.8% വളർന്നു.
വൻ പ്രതീക്ഷയായി മാനുഫാക്ചറിങ്
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണായ മാനുഫാക്ചറിങ് മേഖല 8.3ൽ നിന്ന് 9.2 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയെന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, കാർഷിക മേഖലയുടെ വളർച്ച 4.4ൽ നിന്ന് 3.6 ശതമാനമായും ഖനന മേഖലയുടേത് 12.4ൽ നിന്ന് നെഗറ്റീവ് 2.4 ശതമാനമായും കുറഞ്ഞത് തിരിച്ചടിയായി.
വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയുടെ വളർച്ചനിരക്ക് നെഗറ്റീവ് 1.8 ശതമാനത്തിൽ നിന്ന് 8.9 ശതമാനമായി മെച്ചപ്പെട്ടു. നിർമാണ മേഖല 5.2ൽ നിന്ന് 7.7 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയും വൻ നേട്ടമായി. വ്യാപാരം, ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന മേഖലയുടെ വളർച്ച 9.8ൽ നിന്ന് 8.5 ശതമാനമായി കുറഞ്ഞു.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷനൽ സേവനങ്ങൾ എന്നിവയടങ്ങുന്ന മേഖലയുടെ വളർച്ച 8.8ൽ നിന്ന് 12.1 ശതമാനത്തിലേക്കും പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന മേഖലയുടേത് 4.5ൽ നിന്ന് 7.5 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.






