
ന്യൂയോർക്ക്: ഇന്ത്യയും യുഎസും ഉടന്‍ ഒരു വ്യാപാര കരാറിന് അന്തിമരൂപം നല്‍കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇന്തോ-പസഫിക് മേഖലയിലെ ‘തന്ത്രപ്രധാന സഖ്യകക്ഷി’ എന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്നും യുഎസ് വ്യക്തമാക്കി.
‘ഏഷ്യാ പസഫിക്കില്‍ ഇന്ത്യ വളരെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയായി തുടരുന്നു, പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അത് അദ്ദേഹം തുടരും,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും അവര്‍ സൂചിപ്പിച്ചു. ‘കഴിഞ്ഞ ആഴ്ച പ്രസിഡന്റ് പറഞ്ഞത് യുഎസും ഇന്ത്യയും ഒരു വ്യാപാര കരാറിന് വളരെ അടുത്താണെന്ന് എന്നാണ്. അത് യാഥാര്‍ത്ഥ്യമാണ്. അവര്‍ ഈ കരാറുകള്‍ക്ക് അന്തിമരൂപം നല്‍കുകയാണ്, ഇന്ത്യയുടെ കാര്യം വരുമ്പോള്‍ പ്രസിഡന്റില്‍ നിന്നും വളരെ വേഗം നിങ്ങള്‍ക്ക് അത് കേള്‍ക്കാനാകും,’ ലീവിറ്റ് കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി അമേരിക്ക സന്ദര്‍ശിച്ചതിനോട് അനുബന്ധിച്ചാണ് പ്രസ് സെക്രട്ടറിയുടെ പരാമര്‍ശം. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ്, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു തന്ത്രപരമായ നയതന്ത്ര സഖ്യമാണ്.
വ്യാപാര തടസ്സങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നതിനും ഇന്ത്യന്‍ വിപണികളിലേക്കുള്ള മികച്ച പ്രവേശനം ഉറപ്പാക്കുന്നതിനും വാഷിംഗ്ടണ്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
‘ഇന്ത്യ, നമുക്ക് പോയി വ്യാപാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള ഒരു കരാറില്‍ എത്താന്‍ പോകുകയാണെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ അത് നിയന്ത്രണത്തിലാണ്. ഒരു പൂര്‍ണ്ണ വ്യാപാര തടസ്സം ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, പ്രസിഡന്റ് പറഞ്ഞു.