കൊച്ചി: ആഗോള എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് നിക്ഷേപ സൂചികയില്‍(Global MSCI Emerging Market Investment Index) ചൈനയെ(China) മറികടന്ന് ഇന്ത്യൻ(India) മുന്നേറ്റം.
ചൈനയുടെ 21.58 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ എം.എസ്.സി.ഐ എമർജിംഗ് മാർക്കറ്റ് നിക്ഷേപ സൂചികയിലെ ഇന്ത്യയുടെ വെയിറ്റേജ് 22.27 ശതമാനമായി ഉയർന്നുവെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ മോർഗണ്‍ സ്‌റ്റാൻലി പറഞ്ഞു.
എം.എസ്.സി.ഐ എമർജിംഗ് മാർക്കറ്റ് നിക്ഷേപ സൂചികയില്‍ 3,355 ഓഹരികള്‍ ഉള്‍പ്പെടുന്നു. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികള്‍ അതിലുണ്ട്. 24 രാജ്യങ്ങളിലെ 85 ശതമാനം വരുന്ന സ്വതന്ത്ര ഫ്ലോട്ട്-അഡ്ജസ്റ്റ് മാർക്കറ്റ് കാപ്പിറ്റലൈസേഷൻ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് വിപണികള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ അനുകൂല സ്ഥൂല സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കി. ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ ശക്തമായ പ്രകടനം മൂലം ഓഹരി വിപണി കുതിക്കുന്നതും അനുകൂല ഘടകമാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ 47 ശതമാനം വർദ്ധന, ക്രൂഡ് വിലയിലെ കുറവ്, ഇന്ത്യൻ ഓഹരികളിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം എന്നിവയും കരുത്തായി.