
ന്യൂഡൽഹി: ഇന്ത്യയിൽ 75,000ലേറെ സ്റ്റാർട്ടപ്പുകൾ സജീവമാണെന്നും കഴിഞ്ഞ 156 ദിവസത്തിനിടെ പുതുതായി ആരംഭിച്ചത് 10,000ലേറെ സ്‌റ്റാർട്ടപ്പുകളാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യയിലെ ആദ്യ 10,000 സ്‌റ്റാർട്ടപ്പുകൾ തുറക്കാൻ വേണ്ടിവന്നത് 808 ദിവസങ്ങളായിരുന്നു.
49 ശതമാനം സ്‌റ്റാർട്ടപ്പുകളും ടിയർ-2, ടിയർ-3 (രണ്ടും മൂന്നുംനിര) നഗരങ്ങളിലാണ്. 12 ശതമാനം സ്‌റ്റാർട്ടപ്പുകളും ഐ.ടി സേവനമേഖലയിലാണ്. 9 ശതമാനം ആരോഗ്യ-ശാസ്ത്രരംഗത്തും 7 ശതമാനം വിദ്യാഭ്യാസരംഗത്തുമാണ്. പ്രൊഫഷണൽ – കൊമേഴ്സ്യൽ സർവീസ്, കാർഷികമേഖലയിൽ അഞ്ചുശതമാനം സ്‌റ്റാർട്ടപ്പുകളുണ്ട്.
കഴിഞ്ഞവർഷം സ്‌റ്റാർട്ടപ്പ് രംഗത്ത് പുതിയ തൊഴിലവസരങ്ങളുടെ വളർച്ച കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച് 110 ശതമാനമാണെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു.