പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

സെമികണ്ടക്ടർ നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ

കൊച്ചി: ചൈനയ്ക്ക് ബദലായി സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ (പി. എൽ. ഐ) സ്ക്കീം വൻ വിജയമായതോടെ ചിപ്പുകളുടെ ഡിസൈൻ, നിർമ്മാണം, ഗവേഷണം, എൻജിനിയറിംഗ് തുടങ്ങിയമേഖലകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകിയെത്തുകയാണ്.

രാജ്യത്തെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത് ആഗോള രംഗത്തെ മുൻനിര ബ്രാൻഡുകൾ ഇവിടെയെത്തിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്ന് ഇന്ത്യ ഇലക്‌ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ പറയുന്നു.

നടപ്പു സാമ്പത്തിക വർഷം മൂന്ന് മുൻനിര കമ്പനികളാണ് സെമികണ്ടക്ടർ ചിപ്പുകളുടെ നിർമ്മാണ രംഗത്ത് നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.

ലോകത്തിലെ മുൻനിര സെമികണ്ടക്ടർ കമ്പനിയായ അഡ്‌വാൻസ്ഡ് മൈക്രോ ഡിവൈസസ് (എ.എം.ഡി) കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ അവരുടെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രം തുറന്നിരുന്നു.

രാജ്യത്ത് ഗവേഷണ, വികസന, എൻജിനീയറിംഗ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് 40 കോടി ഡോളറിന്റെ നിക്ഷേപമാണ് എ.എം.ഡി ലക്ഷ്യമിടുന്നത്. ത്രിഡി സ്റ്റാക്കിംഗ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ ഡിസൈനിംഗ്, ഡെവലപ്പ്മെന്റ് രംഗത്ത് മൂവായിരം എൻജിനിയർമാർക്ക് പുതിയ ക്യാമ്പസിൽ ജോലി ലഭിക്കും.

ആഗോള കമ്പനിയായ മൈക്രോൺ ടെക്നോളജീസ് സെപ്തംബറിൽ ഗുജറാത്തിലെ സാനന്ദിൽ 275 കോടി ഡോളർ നിക്ഷേപത്തിൽ സെമികണ്ടക്ടർ ടെസ്റ്റിംഗ് ആൻഡ് പാക്കേജിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു.

ഗുജറാത്ത് പ്ളാന്റ് വൻ വിജയമായതോടെ ആഗോള ചിപ്പ് ബ്രാൻഡുകൾ ഇന്ത്യയിൽ വലിയ നിക്ഷേപ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. മൊബൈൽ ഫോണിൽ മുതൽ കാറുകളിൽ വരെ ഉപയോഗിക്കുന്ന ചിപ്പുകളുടെ നിർമ്മാണ രംഗത്ത് വലിയ നിക്ഷേപത്തിന് തായ്‌വാനിലെ പ്രമുഖ കമ്പനിയായ ഫോക്‌സ്കോണും തയ്യാറെടുക്കുകയാണ്.

കൊവിഡ് രോഗവ്യാപനത്തിന് ശേഷം അമേരിക്കയ്ക്ക് ചൈനയിൽ നിർമ്മിക്കുന്ന ചിപ്പുകളെ കുറിച്ച് സുരക്ഷാ ഭീതി കൂടിയതാണ് ഇന്ത്യയ്ക്ക് അനുകൂലമാകുന്നത്. അതിനാൽ വിശ്വാസ്യതയുള്ള ഒരു നിർമ്മാണ ഹബിന് രൂപം നൽകാൻ അമേരിക്ക ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുന്നു.

തടസങ്ങളില്ലാതെ വൈദ്യുതിയും വെള്ളവും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെയും ലഭ്യമാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇതോടൊപ്പം അതിവേഗത്തിൽ ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ കഴിയുന്ന ലോജിസ്റ്റിക്, സപ്ളൈ ശൃംഖലയും ഒരുക്കണം.

X
Top