
കൊച്ചി: അമേരിക്കയും യൂറോപ്പും ചൈനയുമടക്കം മുൻനിര സമ്പദ്‌ശക്തികളെല്ലാം കടുത്ത വിലക്കയറ്റത്തിന്റെ പിടിയിലായിട്ടും ലോകം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിന്റെ വക്കിലെത്തിയിട്ടും ഇതിലൊന്നും കൂസാതെ ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യയുടെ വളർച്ചാനിർണയ സൂചികകളെല്ലാം കഴിഞ്ഞമാസങ്ങളിൽ നേട്ടത്തിന്റെ ട്രാക്കിലേക്ക് മികച്ച തിരിച്ചുവരവാണ് നടത്തിയത്.
വ്യവസായക്കുതിപ്പ്
ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) വളർച്ച മേയിൽ 12 മാസത്തെ ഉയരമായ 19.6 ശതമാനത്തിലെത്തി. ഏപ്രിലിൽ 6.7 ശതമാനമായിരുന്നു. ഐ.ഐ.പിയിൽ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായരംഗം ജൂണിൽ 2021 ജൂണിലെ 9.4 ശതമാനത്തിൽ നിന്ന് 12.7 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയിട്ടുമുണ്ട്; വളർച്ച തുടരുമെന്നതിന്റെ സൂചനയാണിത്.
ജിഎസ്ടി
ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ മാസസമാഹരണമാണ് കഴിഞ്ഞമാസം ലഭിച്ച 1.48 ലക്ഷം കോടി രൂപ. രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ സജീവമെന്ന് ഇത് വ്യക്തമാക്കുന്നു.
ഉത്‌പാദനം ഉഷാർ
ഫാക്‌ടറികളുടെ വാങ്ങൽശേഷി വ്യക്തമാക്കുന്ന പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പി.എം.ഐ) ജൂണിലെ 53.9ൽ നിന്ന് ജൂലായിൽ എട്ടുമാസത്തെ ഉയരമായ 56.4ലെത്തി. ഫാക്‌ടറികൾക്ക് കൂടുതൽ ബിസിനസ് ഓർഡറുകൾ കിട്ടുന്നുവെന്നതിന്റെ സൂചനയാണിത്. പി.എം.ഐ 50 കടന്നാൽ തന്നെ സമ്പദ്‌രംഗം സജീവമാണെന്നാണ് അർത്ഥം.
താഴുന്ന നാണയപ്പെരുപ്പം
അമേരിക്കയും ബ്രിട്ടനും യൂറോപ്പുമെല്ലാം നാലുദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന റീട്ടെയിൽ നാണയപ്പെരുപ്പത്തിന്റെ (വിലക്കയറ്റം) കെടുതിയിലാണ്. എന്നാൽ, ഇന്ത്യയുടെ നാണയപ്പെരുപ്പം ജൂണിൽ 7.75ൽ നിന്ന് 7.01 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് ഇനിയും കുറയുമെന്നാണ് വിലയിരുത്തലുകൾ.
തിരിച്ചുകയറി ഓഹരി, രൂപ
ഏറെക്കാലം നഷ്‌ടപാതയിലായിരുന്ന ഇന്ത്യൻ ഓഹരികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൻ മുന്നേറ്റമാണ് നടത്തുന്നത്. ജൂലായിൽ ഇന്ത്യൻ ഓഹരി സൂചികകളുടെ വളർച്ച 9.5 ശതമാനമാണ്. ജപ്പാൻ, കൊറിയ, അമേരിക്ക, മലേഷ്യ, ബ്രസീൽ, ജർമ്മനി, തായ്‌ലൻഡ്, ഇൻഡോനേഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി സൂചികകളേക്കാൾ മികച്ച നേട്ടമാണിത്. കഴിഞ്ഞമാസങ്ങളിൽ ഡോളറിനെതിരെ 80ലേക്ക് കൂപ്പുകുത്തി രൂപ 78.50ലേക്ക് നില മെച്ചപ്പെടുത്തി.
തിരിച്ചെത്തി വിദേശനിക്ഷേപം
ഈവർഷം ജനുവരി-ജൂണിൽ ഇന്ത്യയിൽ നിന്ന് 2.46 ലക്ഷം കോടി രൂപ പിൻവലിച്ച വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) കഴിഞ്ഞമാസം 5,000 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി തിരിച്ചെത്തി.
വിജയപാതയിൽ കാർ വിപണി
കഴിഞ്ഞമാസത്തെ കാർവില്പന 16 ശതമാനം വളർച്ച റെക്കാഡ് 3.42 ലക്ഷം യൂണിറ്റുകളിലെത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ ഒക്‌ടോബറിലെ 3.34 ലക്ഷം യൂണിറ്റുകളാണ് പഴങ്കഥയായത്.
5ജി സ്‌പെക്‌ട്രം ലേലം
ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ഗൗതം അദാനിയും മുകേഷ് അംബാനിയും ഉൾപ്പെടെ പങ്കെടുത്ത് ലോകശ്രദ്ധ നേടിയ ഇന്ത്യയുടെ 5ജി സ്‌പെക്‌ട്രം ലേലം കേന്ദ്രസർക്കാരിന് സമ്മാനിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ വലിയനേട്ടം. 75,000 കോടി മുതൽ ഒരുലക്ഷം കോടി രൂപവരെ വരുമാനം ഉന്നമിട്ട സ്ഥാനത്ത് കേന്ദ്രത്തിന് ലഭിച്ചത് 1.50 ലക്ഷം കോടി രൂപ.
തൊഴിലില്ലായ്മ താഴേക്ക്
ജൂലായിൽ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമാണ്. ആറുമാസത്തെ താഴ്ന്നനിരക്കാണിതെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ) വ്യക്തമാക്കുന്നു.