
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ബിരുദ കോഴ്‌സുകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രിയമേറുന്നു. 2021 മുതൽ 2025 വരെ കേരളത്തിലെ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമായെത്തിയത് 768 വിദേശ വിദ്യാർഥികൾ.
ഇതിൽ അഞ്ചുപേർ അമേരിക്കയിൽ നിന്നാണ്. കേരള സർവകലാശാലയിലാണ് കൂടുതൽ വിദേശവിദ്യാർഥികൾ, 371 പേർ. എംജി – 203, കുസാറ്റ് – 56, കലിക്കറ്റ് – 36, കണ്ണൂർ – 3, എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല – 32 എന്നിങ്ങനെയാണ് മറ്റു സർവകലാശാലകളിൽ പ്രവേശനം നേടിയവരുടെ എണ്ണം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ കുട്ടികൾക്കായുള്ള പ്രത്യേക പദ്ധതി (ഐസിസിആർ) പ്രകാരം 55 കുട്ടികളെത്തി. ഇതിനു പുറമെ വിവിധ പദ്ധതികളുടെ ഭാഗമായി 12 വിദ്യാർഥികളും എത്തി.
കേരള സർവകലാശാലയിൽ 2025–26 അക്കാദമിക വർഷം 98 പേരെത്തി. കാനഡ, കൊളംബിയ, അങ്കോള, ഇറാൻ, ഇറാഖ്, ജോർജിയ തുടങ്ങി 55 രാജ്യങ്ങളിലെ വിദ്യാർഥികളാണ് കേരള സർവകലാശാലയിൽ പഠനത്തിനെത്തിയത്. എം ജി സർവകലാശാലയിൽ 35 രാജ്യങ്ങളിൽ നിന്നായി 203 പേർ പഠിക്കുന്നു. 67 പേർ ബിരുദത്തിനും 110 പേർ ബിരുദാനന്തര ബിരുദത്തിനും ചേർന്നു. 26 പേർ ഗവേഷണ വിദ്യാർഥികളാണ്.
കലിക്കറ്റിൽ ഇതുവരെ അമേരിക്കയിൽ നിന്നുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനെത്തി. ജർമ്മനിയിലെ എഫർച്ച് സർവകലാശാലയുമായുള്ള ധാരണ പ്രകാരമാണ് കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥികൾ പ്രവേശനം നേടി യത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച അന്താരാഷ്ട്ര നിലവാരത്തിന്റെ പ്രതിഫലനമാണ് വിദേശ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധന. നാലുവർഷ ബിരുദത്തിനും ഗവേഷണത്തിനും മാനേജ്‌മെന്റ് പഠനത്തിനുമാണ് പ്രധാനമായും വിദേശത്തുനിന്നുള്ള വിദ്യാർഥികൾ കേരളത്തിൽ എത്തുന്നത്.