
ന്യൂഡൽഹി: സംസ്ഥാനത്ത് ആധായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 19.16 ശതമാനം വർധന. എന്നാൽ ഈ കാലയളവിൽ രാജ്യത്താകെ ഉണ്ടായ വർധന 6.18 ശതമാനമാണ്.
2022-23 വർഷത്തിൽ കേരളത്തിൽ ഇതുവരെ 19.73 ലക്ഷം പേരാണ് റിട്ടേൺ ഫയൽ ചെയ്തത്. ഇതിൽ 10.81 ലക്ഷം പേർക്ക് നികുതിബാധ്യതയില്ല. 2019-20 ൽ നികുതിബാധ്യതയില്ലാത്തവർ 5.93 ലക്ഷമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്താകെ 7.4 കോടി പേരാണ് റിട്ടേൺ ഫയൽ ചെയ്തത്. കേരളത്തിലെ ജനസംഖ്യയുടെ ആറ് ശതമാനത്തോളം പേർ മാത്രമാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്.
രാജ്യത്താകെയുള്ള റിട്ടേണുകളിൽ മൂന്ന് ശതമാനത്തിൽ താഴെയാണ് കേരളത്തിൽ നിന്നുള്ളത്. ഏറ്റവും കൂടുതൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നത് മാഹാരാഷ്ട്രയിൽ നിന്നാണ്. 1.13 കോടി റിട്ടേണുകളാണ് മഹാരാഷ്ട്രയിൽ നിന്ന് വരുന്നത്.
2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 31 ആണ്.






