
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച(ജിഡിപി) അനുമാനം 80 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കി 7.4 ശതമാനമാക്കിയിരിക്കയാണ് അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്). 2024 ലെ ജിഡിപി അനുമാനം 6.1ആക്കി കുറയ്ക്കാനും ഐഎംഎഫ് തയ്യാറായി. നേരത്തെ ഇത് 6.9 ശതമാനമായിരുന്നു.
ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമാകുന്നതും സര്‍ക്കാറും കേന്ദ്രബാങ്കും കടുത്ത നയങ്ങളെടുക്കുന്നതും കാരണമാണ് വളര്‍ച്ചാ നിരക്ക് കുറയ്ക്കുന്നതെന്ന് ഐഎംഎഫ് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ചരക്കുകളുടെ വിതരണത്തെ താറുമാറാക്കുകയും അത് പണപ്പെരുപ്പത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. തത്ഫലമായി ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശനിരക്കുയര്‍ത്തുന്നു.
ഇത് രൂപയില്‍ കനത്ത സമ്മര്‍ദ്ദമേല്‍പിക്കുന്നു. രൂപ കഴിഞ്ഞദിവസം എക്കാലത്തേയും കുറഞ്ഞ നിലവാരത്തിലെത്തിയ കാര്യം ഐഎംഎഫ് എടുത്തുപറഞ്ഞു. രൂപയുടെ മൂല്യതകര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കും.
ആര്‍ബിഐ പലിശനിരക്ക് ഇതിനോടകം 90 ബേസിസ് പോയിന്റ് ഉയര്‍ത്തി. നിലവില്‍ 4.9 ശതമാനമാണ് റിപ്പോ നിരക്ക്. ഇന്ത്യയോടൊപ്പം യു.എസ്, ചൈന എന്നീ രാഷ്ട്രങ്ങളിലെ വളര്‍ച്ച കുറയുന്നത് ആഗോളതലത്തില്‍ ആഘാതം സൃഷ്ടിക്കും.
ആഗോള വളര്‍ച്ചാ അനുമാനം 2022ല്‍ 40 ബേസിസ് പോയിന്റ് കുറക്കാനും ഐഎംഎഫ് തയ്യാറായി. 3.2 ശതമാനമാണ് ഐഎംഎഫ് 2022 ല്‍ പ്രതീക്ഷിക്കുന്ന ആഗോള വളര്‍ച്ച. 2023 ലെ വളര്‍ച്ചാ അനുമാനം 70 ബേസിസ് പോയിന്റ് കുറച്ച് 2.9 ലേയ്ക്കും നാണയ നിധി താഴ്ത്തി.
ബഹുരാഷ്ട്ര ഏജന്‍സിയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ വളര്‍ച്ചാ പ്രവചനം, ആര്‍ബിഐയുടെ 7.2 ശതമാനത്തേക്കാള്‍ കൂടുതലാണ്. എന്നിരുന്നാലും, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനത്തില്‍ താഴെയാകാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.