
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) അഭിമാന പരിപാടിയായ കൊച്ചിന്‍ മറൈന്‍ സെമിനാര്‍ (കൊമാര്‍സെം) കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. 2047-ഓടെ കപ്പല്‍ നിര്‍മ്മാണത്തിലും ഉടമസ്ഥാവകാശത്തിലും ലോകത്തിലെ അഞ്ചാമത്തെ വലിയ കപ്പല്‍ ഗതാഗത രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ സെമിനാര്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവചനാതീതമായ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഷിപ്പിംഗ് ഒരു തന്ത്രപ്രധാന മേഖലയാണ്. ഒരു മാതൃ വ്യവസായമെന്ന നിലയില്‍ കപ്പല്‍ നിര്‍മ്മാണത്തിന് വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയും. അതേസമയം, വളര്‍ച്ച സുസ്ഥിരമായിരിക്കണം, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും ഭാവി തലമുറകള്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കണം, അദ്ദേഹം പറഞ്ഞു. ഷിപ്പിംഗ് മേഖലയിലെ ഹരിത മാറ്റം (green transition) ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ കോമര്‍സെം പോലുള്ള പ്ലാറ്റ്ഫോമുകള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിപ്പ് ബില്‍ഡിംഗ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് പോളിസി 2.0, ഷിപ്പ് റീസൈക്ലിംഗ് ക്രെഡിറ്റ് പോളിസി, മാരിടൈം ഡെവലപ്മെന്റ് ഫണ്ട് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യന്‍ നാവികരുടെ ആഗോള പ്രശസ്തിയെ പ്രശംസിക്കുകയും മറൈന്‍ എഞ്ചിനീയര്‍മാരുടെ പരിശീലനത്തില്‍ ഐഎംഇഐ നല്‍കുന്ന പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ഐഎംഇഐകൊച്ചി ബ്രാഞ്ച് ചെയര്‍മാന്‍ മിസ്റ്റര്‍ സാജന്‍ പി. ജോണ്‍ സ്വാഗതം ആശംസിച്ചു. കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ ആര്‍. ലക്ഷ്മണന്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് സിഎംഡി മിസ്റ്റര്‍ മധു എസ്. നായര്‍, ഡിജി ഷിപ്പിംഗ് ചീഫ് സര്‍വേയര്‍ മിസ്റ്റര്‍ അജിത് കുമാര്‍ സുകുമാരന്‍, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്സണ്‍ മിസ്റ്റര്‍ ബി. കാസിവിശ്വനാഥന്‍, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടര്‍ മിസ്റ്റര്‍ പി.കെ. മിശ്ര, ഐഎംഇഐപ്രസിഡന്റ് മിസ്റ്റര്‍ കൗശിക് സീല്‍ എന്നിവരും ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ (ഡിജിഎസ്) സഹകരണത്തോടെയാണ് കോമര്‍സെം 2026 സംഘടിപ്പിക്കുന്നത്.’മരിടൈം ഇന്ത്യ ഇന്നൊവേഷന്‍സ് ആന്റ് കൊളാബറേഷന്‍സ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍, ഇന്ത്യയെ ഒരു ആഗോള സമുദ്രശക്തിയായി മാറ്റാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുക്കും.






