
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഡിസംബര്‍ 12 മുതല്‍ 14 വരെ കോവളത്ത് നടത്തുന്ന ഹഡില്‍ ഗ്ലോബല്‍ 2025 ന്‍റെ ഭാഗമായുള്ള പാന്‍ ഇന്ത്യന്‍ ഹാക്കത്തോണായ ‘ഹാക്ക് ഇമാജിന്‍ 2025’ ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അത്യാധുനിക എഐ പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ഇന്നൊവേറ്റര്‍മാര്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ 12, 13 തീയതികളില്‍ ഹഡില്‍ ഗ്ലോബല്‍ വേദിയായ ദി ലീല റാവിസിലാണ് ഏജന്‍റിക് എഐ ഹാക്കത്തോണ്‍ നടക്കുക.
ഓട്ടോണമസ് ഡിസിഷന്‍ മേക്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഇന്‍റലിജന്‍റ് കൊളാബറേഷന്‍ എന്നിവയ്ക്ക് കഴിവുള്ള എഐ ഏജന്‍റുമാരെ സൃഷ്ടിക്കുകയാണ് പങ്കെടുക്കുന്നവരുടെ വെല്ലുവിളി. ഉയര്‍ന്ന തീവ്രതയുള്ള 24 മണിക്കൂര്‍ ഇന്നൊവേഷന്‍ സ്പ്രിന്‍റ് ആയിട്ടാണ് ഹാക്കത്തോണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ടീമുകള്‍ക്ക് ഹഡില്‍ ഗ്ലോബലിന്‍റെ നിക്ഷേപക ശൃംഖലയിലേക്ക് നേരിട്ട് പിച്ച് ചെയ്യാനുള്ള അവസരം ലഭിക്കും. ഇത് കെഎസ്‌യുഎം വഴി ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ് പിന്തുണ എന്നിവയ്ക്ക് വഴിയൊരുക്കും. പങ്കാളിത്തം സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 7.






