
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ രണ്ട് പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളായ എച്ച്‌ഡിഎഫ്‌സി പ്രോപ്പർട്ടി വെഞ്ചേഴ്‌സ് എച്ച്‌ഡിഎഫ്‌സി വെഞ്ച്വർ ക്യാപിറ്റൽ എന്നിവയെ മറ്റൊരു ഗ്രൂപ്പ് സബ്‌സിഡിയറിയായ എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ അഡ്വൈസർസുമായി ലയിപ്പിക്കാനുള്ള പദ്ധതിക്ക് കമ്പനി അംഗീകാരം നൽകി.
ലയന ശേഷം സംയോജിത സ്ഥാപനത്തിന് ഏകദേശം 4.1 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടാകും, കൂടാതെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായി മാറും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ എച്ച്‌ഡിഎഫ്‌സിയെ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിക്കുന്നതിന് മുന്നോടിയായി റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് ഈ ലയനം.
ഈ ഇടപാടുകൾ എച്ച്‌ഡിഎഫ്‌സിയുടെ ഷെയർഹോൾഡിംഗ് പാറ്റേണിൽ എന്തെങ്കിലും മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എൻബിഎഫ്‌സി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ ഇത് ക്യാഷ് മാനേജ്‌മെന്റിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനും സംയോജിത ബിസിനസ്സ് സൃഷ്ടിക്കുന്ന പണമൊഴുക്കിലേക്ക് അനിയന്ത്രിതമായ പ്രവേശനം നൽകുന്നതിനും സഹായിക്കും.
നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എച്ച്‌ഡിഎഫ്‌സി പ്രോപ്പർട്ടി വെഞ്ച്വേഴ്‌സ്. അതേസമയം എച്ച്‌ഡിഎഫ്‌സി വെഞ്ച്വർ ക്യാപിറ്റൽ എന്നത് സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ്. എന്നാൽ സെബിയിൽ രജിസ്റ്റർ ചെയ്ത ഇതര നിക്ഷേപ ഫണ്ടുകളുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജരായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ അഡ്വൈസർസ്.