
ന്യൂഡൽഹി: ബ്രാൻഡല്ലാത്ത പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും അഞ്ചുശതമാനം നികുതി ചുമത്തിയത് ചില സംസ്ഥാനങ്ങൾ വരുമാന നഷ്ടം ചൂണ്ടിക്കാണിച്ചതിനാലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ്.
ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് ഭക്ഷ്യവസ്തുക്കൾക്ക് ‘വാറ്റ്’ വഴി വരുമാനം ലഭിച്ചിരുന്നുവെന്ന് ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ജൂലൈ 18 മുതൽ നികുതി ഈടാക്കാൻ ജി.എസ്.ടി കൗൺസിലാണ് തീരുമാനിച്ചത്. ചില സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉൾപ്പെടുന്ന സമിതി മുന്നോട്ടുവെച്ച നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാറിന്റെ തീരുമാനമല്ലെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.
2017 ജൂലൈ ഒന്നു മുതലാണ് ജിഎസ്ടി നടപ്പാക്കിയത്. പുതിയ നികുതി അവശ്യവസ്തുക്കൾക്ക് വിലക്കയറ്റത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം പാർലമെന്റിലും പുറത്തും വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.