
ന്യൂഡല്‍ഹി: ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ (ജിഎസ്ടിഎടി) രൂപീകരിക്കുന്നതിനുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ തീരുമാനത്തെ അഭിഭാഷകര്‍ സ്വാഗതം ചെയ്തു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാന്‍ ട്രിബ്യൂണിലിനാകുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലും ട്രൈബ്യൂണലിന് ഒരു ബെഞ്ച് ഉണ്ടായിരിക്കും.
അതുകൊണ്ടുതന്നെ കേസുകളുടെ വേഗത്തിലുള്ള തീര്‍പ്പ് ഉറപ്പാകും. നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമാകുന്നത് വ്യവഹാരങ്ങള്‍ കുറയ്ക്കുകയും ചെയ്യും. തുടക്കമായതിനാല്‍ സമീപ ഭാവിയില്‍ കൂടുതല്‍ കേസുകള്‍ ട്രിബ്യൂണലിലെത്തുമെങ്കിലും നിയമം വ്യക്തമാകുന്നതോടെ ദീര്‍ഘകാലത്തില്‍ വ്യവഹാരങ്ങള്‍ കുറയും.
രാജ്യത്തുടനീളമുള്ള ഹൈക്കോടതികളില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹര്‍ജികളില്‍ കുറവുണ്ടാകും.
ട്രിബ്യൂണലിന്റെ പങ്ക്
2017ല്‍ രാജ്യത്ത് ജിഎസ്ടി നിയമം നിലവില്‍ വന്നു. എങ്കിലും 2023ല്‍ മാത്രമേ ജിഎസ്ടിക്ക് വേണ്ടിയുള്ള ഒരു സമര്‍പ്പിത ട്രൈബ്യൂണല്‍ സ്ഥാപിക്കപ്പെടുന്നുള്ളൂ.
സെന്‍ട്രല്‍ എക്‌സൈസ്, സേവന നികുതി, അധിക കസ്റ്റംസ് തീരുവ, സംസ്ഥാന തലത്തിലുള്ള മൂല്യവര്‍ദ്ധിത നികുതി എന്നിവയ്ക്ക് പകരമാണ് ജിഎസ്ടി.
അതുകൊണ്ടുതന്നെ കസ്റ്റംസ് എക്‌സൈസ് സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെയും (സെസ്റ്റാറ്റ്) സംസ്ഥാന വാറ്റ് ട്രൈബ്യൂണലുകളുടെയും പിന്‍ഗാമിയായി ജിഎസ്ടിഎടി വര്‍ത്തിക്കും.ജിഎസ്ടി അടയ്ക്കുന്നയാള്‍ക്കെതിരെ വകുപ്പ് ഒരു ക്ലെയിം ഉന്നയിക്കുമ്പോള്‍, അയാള്‍ക്ക്/അവള്‍ക്ക് അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ (ജിഎസ്ടി നിയമത്തില്‍ ‘പ്രൊപ്പര്‍ ഓഫീസര്‍’ എന്ന് അറിയപ്പെടുന്നു) മുതല്‍ സുപ്രീം കോടതി വരെ വിവിധ തലങ്ങളില്‍ ക്ലെയിമിനെ എതിര്‍ക്കാം.
അഡ്ജുഡിക്കേറ്റിംഗ് ഓഫീസറില്‍ നിന്ന് നികുതിദായകന് അനുകൂലമല്ലാത്ത ഉത്തരവ് ലഭിച്ചാല്‍, നികുതിദായകന് അപ്പീല്‍ അതോറിറ്റിയെ (അപ്പീല്‍ കമ്മീഷണര്‍) സമീപിക്കാം; അപ്പീല്‍ അതോറിറ്റിയുടെ ഉത്തരവ് ട്രിബ്യൂണലില്‍ അപ്പീല്‍ ചെയ്യാവുന്നതാണ്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീം കോടതിയിലും അപ്പീല്‍ പോകാം.
ട്രൈബ്യൂണലിന്റെ അഭാവത്തില്‍, ജിഎസ്ടിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ അന്തിമഘട്ടത്തിലെത്താന്‍ ഒരു വര്‍ഷത്തിലധികം എടുക്കുന്നുണ്ട്.






