
ന്യൂഡല്‍ഹി: കാഷ്-ഓണ്‍-ഡെലിവറി (സിഒഡി) ഓര്‍ഡറുകള്‍ക്ക് അധിക ചാര്‍ജുകള്‍ ചുമത്തുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഉപഭോക്തൃ കാര്യ മന്ത്രാലയം. രീതിയെ ‘ഡാര്‍ക്ക് പാറ്റേണായി’ തരം തിരിച്ച മന്ത്രാലയം അതിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്ത ഒരു പൊതു പ്രസ്താവനയിലൂടെയാണ് ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അന്വേഷണ വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ജോഷി അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്സ് മേഖലയില്‍ സുതാര്യതയും നീതിയും ഉറപ്പാക്കേണ്ടതുണ്ട്.
മറഞ്ഞിരിക്കുന്ന ഫീസ്, ആശയക്കുഴപ്പമുണ്ടാക്കുന്ന ഓപ്ഷനുകള്‍ എന്നിവയും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഉപഭോക്താക്കളില്‍ നിന്നും അധിക ഫീസ് ചാര്‍ജ്ജ് ചെയ്യുന്നതിനാണ് ഈ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. അന്വേഷണം, ഡിജിറ്റല്‍ വാണിജ്യത്തില്‍ കൂടുതല്‍ വ്യക്തതയും ഉത്തരവാദിത്തവും കൊണ്ടുവരും. കമ്പനിയുടെ പേരുകളും പിഴ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള അപ്ഡേറ്റുകള്‍ വരും ആഴ്ചകളില്‍ പ്രതീക്ഷിക്കുന്നു.