
കേരളം വികസന സൂചികകളിൽ മുന്നേറുകയാണ്. വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ, പ്രവാസി വരുമാനം, സാമൂഹിക സുരക്ഷാ സംവിധാനം തുടങ്ങിയ ശക്തമായ ഘടകങ്ങൾ സംസ്ഥാനത്തിന് ഒരു സ്ഥിരതയുള്ള സാമൂഹിക അടിത്തറ നൽകുന്നു. എന്നാൽ വ്യവസായ നിക്ഷേപം, ഉത്പാദന കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥ, കയറ്റുമതി ശേഷി എന്നിവയിൽ കേരളം പ്രതീക്ഷിക്കുന്ന വളർച്ച കൈവരിക്കുന്നില്ല. ഇതിന് വലിയ പങ്ക് വഹിക്കുന്നതും പലപ്പോഴും തുറന്ന ചർച്ചകളിൽ അപൂർവമായി മാത്രം ഉയരുന്ന ഒരു വസ്തുതയുണ്ട്; ക്രമാതീതമായി ഉയരുന്ന ഗതാഗത ചെലവും, ചരക്ക് നീക്ക ശൃംഖലയുടെ അപര്യാപ്തതയും.
തുറമുഖങ്ങൾ നേരിട്ട് ലഭ്യമാകുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് സമുദ്രഗതാഗതം ഉപയോഗപ്പെടുത്താനുള്ള വലിയ സാധ്യതയുണ്ട്. എങ്കിലും ചരക്കുകളുടെ ഭൂരിഭാഗവും ഇപ്പോഴും റോഡുകളിലൂടെയാണ് സഞ്ചരിക്കുന്നത്. എൻഎച്ച് 66 വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെങ്കിലും, ഗതാഗത കുരുക്ക്, നഗരങ്ങളിലെ പാതയുടെ വീതി കുറയൽ, നിർമാണ കാലതാമസങ്ങൾ എന്നിവ ചരക്കുകളുടെ യാത്രാ സമയം നീട്ടുന്നു. ഗതാഗതം വൈകുമ്പോൾ ചരക്കുകളുടെ സംഭരണ ചെലവും കേടായി പോകുന്നതിനുളള സാധ്യതയും കൂടുന്നു. ഇതോടെ ഉത്പന്നത്തിന്റെ അന്തിമ വിപണന വില കുത്തനെ ഉയർത്താനും ഇടയാക്കുന്നു.
റെയിൽവേ വഴിയുളള ചരക്ക് ഗതാഗത സൗകര്യങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്. പ്രധാന ചരക്ക് യാർഡുകൾ യാത്രക്കാരുടെ റൂട്ടുകൾക്ക് വഴിമാറേണ്ടിവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. തുറമുഖങ്ങളിലേക്കുള്ള റെയിൽ-റോഡ് ബന്ധങ്ങൾ ശക്തമല്ലാത്തതിനാൽ, കൊച്ചി തുറമുഖത്തിലൂടെ ചരക്കുകൾ അയയ്ക്കുന്ന ചെറുകിട സംരംഭങ്ങൾ ഉത്പാദന ചെലവിനെക്കാൾ കൂടുതൽ പണം ഗതാഗതത്തിനായി ചെലവഴിക്കേണ്ടി വരുന്നു. ആലപ്പുഴയിലെ കയർ യൂണിറ്റുകളിൽ നിന്നും, കോട്ടയം-ഇടുക്കിയിലെ റബ്ബർ പ്രോസസ്സിംഗ് യൂണിറ്റുകളിൽ നിന്നും, കോഴിക്കോട്, കൊച്ചി തീരപ്രദേശങ്ങളിലെ സമുദ്ര മത്സ്യ കയറ്റുമതി മേഖലകളിൽ നിന്നും ഇതിന്റെ പ്രതിഫലം ദൃശ്യമാണ്.
ഒരേ ഉത്പന്നങ്ങൾ നിരവധി രാജ്യങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. നമ്മുടെ ചരക്ക് നീക്ക ചെലവ് വർധിക്കുകയും, വില മത്സര ശേഷി കുറയുകയും ചെയ്താൽ അന്താരാഷ്ട്ര വിപണി നിലനിർത്തുന്നത് ദുഷ്കരമാകും. റബ്ബർ, കയർ, കൈത്തറി, കറിപ്പൊടികൾ, സുഗന്ധവ്യഞ്ജനങ്ങൾ, കടൽ മത്സ്യം തുടങ്ങിയവയുടെ ഉത്പാദന ചെലവുകൾ നിയന്ത്രിച്ചാലും അവ തുറമുഖത്തിലേക്ക് എത്തിക്കാനും കയറ്റുമതി ചെയ്യാനുമുളള ചെലവ് ഇവയ്ക്ക് അധിക വില ഈടാക്കാൻ ഉത്പാദകരെ നിർബന്ധിതരാക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സംസ്ഥാനത്തിന് പ്രതീക്ഷ ഉയർത്തുന്നത്. വലിയ കപ്പലുകൾ എത്തുകയും നേരിട്ട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനും ഇറക്കാനും കഴിവുള്ള തുറമുഖം ലഭിക്കുമ്പോൾ, കൊച്ചിയുടെ ട്രാൻസ്ഷിപ്പ് ആശ്രിതത്വം കുറയും. കയറ്റുമതിക്ക് സമയം ചുരുങ്ങും, ചിലവ് കുറയും. എങ്കിലും വിഴിഞ്ഞത്തിന്റെ യഥാർത്ഥ സാമ്പത്തിക പ്രയോജനം അതിന്റെ ചുറ്റുമുള്ള റോഡ്, റെയിൽ, ഇൻലാൻഡ് വാട്ടർവേ ബന്ധങ്ങൾ എത്ര വേഗത്തിൽ, ശാസ്ത്രീയമായി, ഏകോപിതമായി സ്ഥാപിക്കുന്നു എന്നതിലാണ്. തുറമുഖം ഒരു ലക്ഷണം മാത്രമാണ്. അതിന് പിന്നിലെ ഗതാഗത ശൃംഖലയാണ് സാമ്പത്തിക ശക്തി. കേരളം ഗതാഗതവും ലോജിസ്റ്റിക്‌സ് സംവിധാനവും പുനഃനിർമിക്കാൻ തയ്യാറായാൽ, അത് റോഡുകളുടെ വീതി വർധിപ്പിക്കുന്നതിലോ ഹൈവേകൾ നിർമിക്കുകയോ ചെയ്യുന്നതിൽ ഒതുങ്ങിയാൽ നാം വീണ്ടും പരാജയപ്പെടും. സംസ്ഥാനത്തിന്റെ ഭാവി ഉത്പാദനവും സംരംഭകത്വവുമാണ്.
ചരക്കുകൾ എത്ര വേഗത്തിൽ, എത്ര കുറഞ്ഞ ചിലവിൽ, എത്ര വിശ്വസനീയമായി സഞ്ചരിക്കുന്നു എന്നതിന് നിർണായക സാധീനമുണ്ട്. കേരളത്തിന്റെ വികസന കഥയിൽ ഇനി ഉയരുന്ന യഥാർത്ഥ ചോദ്യം ഇതാണ്: നമ്മൾ ഉത്പന്നങ്ങൾ നിർമിക്കാൻ കഴിവുള്ള സംസ്ഥാനമാണ്. കേരള ഉത്പന്നങ്ങളെ പരാമാവധി കൈപിടിച്ച് ഉയർത്തുന്നുമുണ്ട്; എന്നാലതിനെ ആഗോള വിപണിയിലെത്തിച്ച് അർഹിക്കുന്ന ലാഭം നേടാൻ നമ്മൾ തയ്യാറാണോ?






