
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ആഗോള തലത്തില്‍ എട്ടു ശതമാനം കുറഞ്ഞ് 948 ടണിലെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടന്നു. ഇതേ സമയം ഇന്ത്യയിലെ സ്വര്‍ണ ഡിമാന്റ് വാര്‍ഷികാടിസ്ഥാനത്തില്‍ 43 ശതമാനം വര്‍ധിച്ച് 170.7 ടണിലെത്തി. 79,270 കോടി രൂപയുടെ മൂല്യമാണ് രണ്ടാം ത്രൈമാസത്തിലെ ഇന്ത്യയിലെ ഈ സ്വര്‍ണ ഡിമാന്റിനുള്ളത്. ഇന്ത്യയിലെ ആഭരണ രംഗത്ത് രണ്ടാം ത്രൈമാസത്തിലെ ആകെ ഡിമാന്റ് 49 ശതമാനം വര്‍ധിച്ച് 140.3 ടണിലുമെത്തി. നിക്ഷേപ മേഖലയില്‍ 20 ശതമാനം ഡിമാന്റ് വര്‍ധനവും രാജ്യത്ത് ദൃശ്യമായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള തലത്തില്‍ അര്‍ധ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം കുറവോടെ ഡിമാന്‍ന്റ് 2,189 ടണില്‍ എത്തിയിട്ടുണ്ട്. ഇതേ സമയം ആഭരണ ഉപഭോക്താക്കളുടെ ഡിമാന്റ് രണ്ടാം ത്രൈമാസത്തില്‍ നാലു ശതമാനം വര്‍ധിച്ച് 453 ടണിലെത്തി. ഇന്ത്യയില്‍ ഉല്‍സവ കാലവും വിവാഹങ്ങളും രണ്ടാം ത്രൈമാസത്തില്‍ ആഭരണ മേഖലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 49 ശതമാനം വര്‍ധനവിനു വഴി തുറന്നു. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതു തുടര്‍ന്നതിലൂടെ ആഗോള തലത്തില്‍ ഔദ്യോഗിക സ്വര്‍ണ ശേഖരം രണ്ടാം ത്രൈമാസത്തില്‍ 180 ടണോളം വര്‍ധിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ മേഖലയിലെ ഡിമാന്റിന്റെ കാര്യത്തില്‍ രണ്ടു ശതമാനം ഇടിവും ഇക്കാലത്തു രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതേ സമയം ഉല്‍സവകാല വാങ്ങലുകള്‍ രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യയിലെ ചെറുകിട നിക്ഷേപം ഉയര്‍ത്താന്‍ സഹായകമായി. സ്വര്‍ണ നാണയങ്ങള്‍ക്കും ബാറുകള്‍ക്കുമുള്ള ഡിമാന്റ് 20 ശതമാനം ഉയര്‍ന്ന് 30 ടണിലെത്തിയതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത വിവാഹ വാങ്ങലുകള്‍ക്ക് ഒപ്പം അക്ഷയ തൃതീയയും എത്തിയത് ഇന്ത്യയിലെ ആഭരണ ഡിമാന്റ് 49 ശതമാനം വര്‍ധിക്കാന്‍ വഴിയൊരുക്കിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജണല്‍ സിഇഒ ഇന്ത്യ പിആര്‍ സോമസുന്ദരം പറഞ്ഞു. അര്‍ധ വര്‍ഷ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ ആഭരണ ഡിമാന്റ് വാര്‍ഷികാടിസ്ഥാനത്തില്‍ ആറു ശതമാനം വര്‍ധിച്ച് 234 ടണിലെത്തിയിട്ടുണ്ട്. സ്വര്‍ണ നാണയ, ബാര്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രണ്ടാം ത്രൈമാസത്തില്‍ ദൃശ്യമായത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും പണപ്പെരുപ്പത്തെ കുറിച്ചുള്ള കണക്കു കൂട്ടലുകളും സ്വര്‍ണ ഡിമാന്റിനു പിന്തുണയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.