
കൊച്ചി: സ്വര്‍ണത്തിന്റെ ഡിമാന്റ് വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധിച്ച് 4741 ടണില്‍ എത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2022ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ ബാങ്കുകളുടെ വാര്‍ഷിക ഡിമാന്റ് ആകട്ടെ മുന്‍ വര്‍ഷത്തെ 450 ടണില്‍ നിന്ന് ഇരട്ടിയിലേറെ വര്‍ധിച്ച് 1136 ടണിലെത്തിയതായും 2022ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിക്ഷേപ മേഖലയിലെ ഡിമാന്റ് പത്തു ശതമാനമാണ് വര്‍ധിച്ചത്. ഓവര്‍ ദി കൗണ്ടര്‍ ഒഴിവാക്കിയുള്ള കണക്കുകളാണിത്.
ആഭരണ രംഗത്തെ ഡിമാന്റ് മൂന്നു ശതമാനം ഇടിഞ്ഞ് 2086 ടണിലും എത്തി. ഇതേ സമയം ഇന്ത്യയിലെ സ്വര്‍ണ ഡിമാന്റ് 2021-ലെ 797.3 ടണിനെ അപേക്ഷിച്ച് 2022-ല്‍ 774 ടണ്‍ ആയിരുന്നു. ആഭരണങ്ങളുടെ ഡിമാന്റ് രണ്ടു ശതമാനം ഇടിഞ്ഞ് 600.4 ടണിലുമെത്തി. ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപ രംഗത്തെ ഡിമാന്റ് ആകട്ടെ ഏഴു ശതമാനം ഇടിഞ്ഞ് 173.6 ടണായി.
വിളവെടുപ്പിനു ശേഷമുള്ള വരുമാനവും അനുകൂല വികാരങ്ങളും ഇന്ത്യയില്‍ നാലാം ത്രൈമാസത്തിലെ മികച്ച ഡിമാന്റ് ഇത്തവണയും ഗുണകരമായെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റീജണല്‍ സിഇഒ പി ആര്‍ സോമസുന്ദരം പറഞ്ഞു. ഉല്‍സവ കാലം നാലാം ത്രൈമാസത്തിലെ നിക്ഷേപ ഡിമാന്റ് വര്‍ധിപ്പിക്കാന്‍ സഹായകമായി എന്നും അദ്ദേഹം പറഞ്ഞു.
”ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക സ്വര്‍ണ്ണ ഡിമാന്‍ഡായിരുന്നു ഈ വര്‍ഷത്തേത്. കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള നിക്ഷേപ ആവശ്യം 10 ശതമാനം ഉയര്‍ന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ലൂയിസ് സ്ട്രീറ്റ് പറഞ്ഞു. നിക്ഷേപമെന്ന നിലയില്‍ പ്രക്ഷുബ്ധമായ സാമ്പത്തിക കാലത്ത് സ്വര്‍ണ്ണം ഒരു ദീര്‍ഘകാല ആസ്തിയായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും ലൂയിസ് സ്ട്രീറ്റ്.