
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് അടച്ചിടല്‍ ലോകരാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളില്‍ 2008ന് സമാനമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് റാപ്പിഡ് എനര്‍ജി ഗ്രൂപ്പ് പ്രവചനം. ജൂലൈയിലാണ് ഹോര്‍മുസ് തുറക്കുന്നതെങ്കില്‍ അപ്പോഴേക്കും എണ്ണവില ബാരലിന് 130 ഡോളര്‍ തൊടുമെന്നും ഏജന്‍സി പ്രവചിക്കുന്നു.
പ്രതിസന്ധി മൂലം ഇന്ധന ഉപഭോഗത്തില്‍ വലിയ കുറവുണ്ടാവുമെന്നാണ് പ്രവചനം. ഒരിക്കലുമുണ്ടാവാത്ത കുറവ് 2026ല്‍ ഇന്ധന ഉപഭോഗത്തിലുണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോളവിപണിയില്‍ ഇന്ധനവില ഇരട്ടിയായി വര്‍ധിച്ചിരുന്നു. ഇത് കടുത്ത പ്രതിസന്ധിയാണ് രാജ്യങ്ങളില്‍ സൃഷ്ടിക്കുന്നത്.
1970കളിലും 2008ലും ഉണ്ടായതിന് സമാനമായ രൂക്ഷമായ പ്രതിസന്ധി 2026ല്‍ നേരിടില്ലെന്ന് മാത്രമാണ് ഏക ആശ്വാസമെന്നും എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കാത്ത രാജ്യങ്ങള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാവുവെന്നുമുള്ള പ്രവചനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.
അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച മൂന്ന് ദിവസത്തെ അന്ത്യശാസനയും ഉപാധികളും ഇറാന്‍ തള്ളിയതോടെ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി കരാര്‍ രൂപപ്പെടുത്താനോ ഹോര്‍മുസ് തുറക്കാനോ തിരക്കില്ലെന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ കൂടുതല്‍ എണ്ണ കപ്പലുകള്‍ പിടിച്ചെടുക്കുമെന്നും ഉപരോധം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഹോര്‍മുസിന്റെ പുതിയ മാപ്പ് പുറത്തുവിട്ട ഇറാന്‍, ബലപ്രയോഗത്തിലൂടെ കപ്പലുകള്‍ കൊണ്ടുപോകാന്‍ തുനിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണം പുനരാരംഭിച്ചാല്‍ ശത്രു ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, മധ്യസ്ഥ നീക്കത്തിന്റെ ഭാഗമായി പാക് ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിലെത്തി. പാക് ആഭ്യന്തര മന്ത്രിയോടൊപ്പം സൈനിക മേധാവി അസീം മുനീറും ഇറാനിലെക്ക് തിരിച്ചിട്ടുണ്ട്.
യുഎസ് സമര്‍പ്പിച്ച പുതിയ നിര്‍ദേശത്തില്‍ ഇറാനുമായുള്ള ഭിന്നത പരിഹരിക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍-അമേരിക്ക ചര്‍ച്ചക്കുള്ള പുതിയ ചട്ടക്കൂട് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






