
ഡൽഹി: ആഭ്യന്തര, യുഎസ് വിപണികളിലെ വിൽപ്പന ഇടിവ് കാരണം ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ ഏകീകൃത അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 211 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 306 കോടി രൂപയായിരുന്നു.
അതേപോലെ ജൂൺ പാദത്തിൽ ഫാർമ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 2,965 കോടി രൂപയിൽ നിന്ന് 2,777 കോടി രൂപയായി കുറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ആഘാതം ഒഴികെ ഈ പാദത്തിൽ തങ്ങളുടെ അടിസ്ഥാന ബിസിനസിൽ ശക്തമായ ഇരട്ട അക്ക വളർച്ചയാണ് തങ്ങൾ കൈവരിച്ചതെന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക പരിതസ്ഥിതികൾക്കിടയിലും യൂറോപ്പ്, റോ വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചതായും, കൂടാതെ ഇന്ത്യയുടെ അടിസ്ഥാന ബിസിനസ്സ് ശക്തമായ വളർച്ച രേഖപ്പെടുത്തിയതായും കമ്പനി കൂട്ടിച്ചേർത്തു. ശ്വാസോച്ഛ്വാസം, ഡെർമറ്റോളജി, ഓങ്കോളജി എന്നി പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിൽ പുതിയ ഉൽപ്പന്ന ലോഞ്ചുകളിലൂടെ അടിസ്ഥാന ബിസിനസ്സ് വളർത്തുന്നത് തുടരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.





