
ബെംഗളൂരുവിനടുത്തുള്ള ഫോക്സ്‌കോണിന്റെ ഐഫോണ്‍ ഫാക്ടറി ഒരു വര്‍ഷത്തിനുള്ളില്‍ നിയമിച്ചത് 30,000 ജീവനക്കാരെ. ഇന്ത്യയിലെ ഒരു ഫാക്ടറി നടത്തുന്ന ഏറ്റവും വേഗതയേറിയ നിയമനമാണിത്. ദേവനഹള്ളിയിലെ പ്ലാന്റിന്റെ ഒരു പ്രധാന സവിശേഷത ജീവനക്കാരുടെ ഘടനയാണ്. ഏകദേശം 80 ശതമാനം ജീവനക്കാരും സ്ത്രീകളാണ്.
അവരില്‍ ഭൂരിഭാഗവും 19 നും 24 നും ഇടയില്‍ പ്രായമുള്ളവരും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവരുമാണ്. ഏകദേശം 300 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം, സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജോലി നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളില്‍ ഒന്നായി വളര്‍ന്നുവരുന്നുവെന്നാണ് സൂചന.
ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐഫോണ്‍ 16 ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഇപ്പോള്‍ ഐഫോണ്‍ 17 പ്രോ മാക്‌സ് മോഡലുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു.അടുത്ത വര്‍ഷം പൂര്‍ണ്ണ ശേഷിയിലെത്തുമ്പോള്‍ 50,000 പേര്‍ക്ക് വരെ ജോലി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വികസന പദ്ധതികളോടെ, ദേവനഹള്ളി സമുച്ചയം ഒരു ടൗണ്‍ഷിപ്പ് മോഡലിൽ പ്രവർത്തിച്ചേക്കും. ദീര്‍ഘകാല പദ്ധതിയില്‍ പാര്‍പ്പിട സൗകര്യങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, സ്‌കൂളുകള്‍, വിനോദ മേഖലകൾ എന്നിവ ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് സൗജന്യ താമസവും സബ്സിഡി നിരക്കില്‍ ഭക്ഷണവും ലഭിക്കും.
ഏറ്റവും വലിയ ഐഫോൺ നിർമാണ കേന്ദ്രമാകുമോ?ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയില്‍ ഫോക്‌സ്‌കോണ്‍ ഏകദേശം 20,000 കോടി നിക്ഷേപിക്കുന്നു. ഫാക്മാടറി മാത്രം ഏകദശം 250,000 ചതുരശ്ര അടി വിസ്തൃതിയിലുള്ളതായതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ സൈറ്റുകളില്‍ ഒന്നാണ് ഇത്.
പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ബെംഗളൂരു പ്ലാന്റ് ഫോക്സ്‌കോണിന്റെ തമിഴ്നാട്ടിലെ പഴയ ഐഫോണ്‍ സൗകര്യത്തെ മറികടക്കും. പുതിയ യൂണിറ്റില്‍ ഒടുവില്‍ 12 ഐഫോണ്‍ അസംബ്ലി ലൈനുകള്‍ വരെ സ്ഥാപിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. നിലവില്‍ നാലെണ്ണം മാത്രമേയുള്ളൂ.
ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യ ഒരു പ്രധാന രാജ്യമായി മാറിയിരിക്കുന്നു. എല്ലാ ഐഫോണ്‍ മോഡലുകളും ഇപ്പോള്‍ ഉത്പാദനത്തിന്റെ തുടക്കം മുതല്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്ത് ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു.





