
മുംബൈ: തുടർച്ചയായ നാലാം ആഴ്‌ചയിലും ഇന്ത്യയുടെ വിദേശ നാണയശേഖരം ഇടിഞ്ഞു. ജൂലായ് 22ന് സമാപിച്ചവാരം 115.2 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 57,156 കോടി ഡോളറായി. കഴിഞ്ഞ 20 മാസത്തിനിടെയിലെ ഏറ്റവും താഴ്ചയാണിത്. നാലാഴ്ചയ്ക്കിടെ നഷ്‌ടം 1,700 കോടി ഡോളറോളം.
ഡോളറിനെതിരെ രൂപയുടെ തകർച്ചയുടെ ആക്കംകുറയ്ക്കാൻ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നതും ഡോളറിനെതിരെ മറ്റ് കറൻസികളുടെ മൂല്യം ഇടിയുന്നതുമാണ് വിദേശ നാണയശേഖരം കുറയാൻ മുഖ്യകാരണം. വിദേശ കറൻസി ആസ്‌തി 142.6 കോടി ഡോളർ താഴ്‌ന്ന് 51,013.6 കോടി ഡോളറായി.
കരുതൽ സ്വർണശേഖരം ജൂലായ് 22ന് സമാപിച്ചവാരം 14.5 കോടി ഡോളർ വർദ്ധിച്ച് 3,850.2 കോടി ഡോളറായി.
കഴിഞ്ഞ ഒക്‌ടോബറിൽ കുറിച്ച 64,200 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തിന്റെയും ഉയരം.