
ബംഗളൂരു: അര്‍ബുദം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളുടെ കേന്ദ്രമായി മാറിയ കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ കോടികള്‍ നിക്ഷേപിച്ച് വന്‍കിട കമ്പനികള്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ 700 ദശലക്ഷം ഡോളര്‍ അതായത് 7000 കോടി രൂപയാണ് നിക്ഷേപിച്ചത്. 2023 ഒക്ടോബറിന് ശേഷം കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പത്തോളം കമ്പനികള്‍ നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ കാലത്തിനിടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പോലും പ്രധാനപ്പെട്ട ആശുപത്രികള്‍ സാന്നിധ്യം ശക്തമാക്കിയതോടെയാണ് നിക്ഷേപം ഒഴുകിയത്. ടി.പി.ജി, ബ്ലാക്‌സ്റ്റോണ്‍, കെ.കെ.ആര്‍ തുടങ്ങിയ യു.എസ് കമ്പനികളും ഐ.സി.ഐ.സി.ഐ വെഞ്ച്വര്‍, സി.എസ് പാര്‍ട്‌ണേസ് തുടങ്ങിയ ആഭ്യന്തര കമ്പനികളുമാണ് പ്രധാനമായും നിക്ഷേപം നടത്തിയത്.
മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ പലതും ലയിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിനിടെയാണ് കേരളത്തിലേക്ക് നിക്ഷേപം ഒഴുകുന്നത്. സംസ്ഥാനത്തെ പല മികച്ച ആശുപത്രികളും നടത്തുന്നത് ലാഭേച്ഛയില്ലാത്ത സംഘങ്ങളാണ്. ഇതാണ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. മാത്രമല്ല, ഡോക്ടര്‍മാരും അവരുടെ കുടുംബങ്ങളും നടത്തുന്ന നിരവധി ആശുപത്രികളും സംസ്ഥാനത്തുണ്ട്. അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുനല്‍കുന്ന ചികിത്സ സൗകര്യങ്ങളുള്ള കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ നിക്ഷേപിക്കുന്നതിലൂടെ കോടികളുടെ ലാഭം കൊയ്യാമെന്നതാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം. ഗുണമേന്മയുള്ള ചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ പണം മുടക്കാന്‍ മലയാളികള്‍ക്ക് മടിയില്ലെന്നതും ആരോഗ്യ മേഖലയുടെ ശക്തമായ വളര്‍ച്ച സാധ്യതയാണ് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ ജനങ്ങളുടെ ഉയര്‍ന്ന വരുമാനവും ആരോഗ്യ ബോധവുമാണ് ആരോഗ്യ മേഖലയുടെ വളര്‍ച്ചയുടെ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.ലോകത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ കമ്പനിയായ ബ്ലാക്‌സ്റ്റോണ്‍ വന്‍തുക നിക്ഷേപിച്ച് മലപ്പുറത്തെ കിംസ് അല്‍ഷിഫ ആശുപത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്‌സ്റ്റോണിന്റെ ഹൈദരാബാദ് ആസ്ഥാനമായ ക്വാളിറ്റി കെയര്‍ കമ്പനി തിരുവനന്തപുരത്തെ കിംസ് ഹെല്‍ത് മാനേജ്‌മെന്റില്‍ 300 ദശലക്ഷം ഡോളര്‍ (2,697 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വകാര്യ നിക്ഷേപകരുടെ ശ്രദ്ധയില്‍പെട്ടത്. യു.എസിലെ ടെകസസ് ആസ്ഥാനമായ ടി.പി.ജി ഐ.എന്‍.സിയും 100 ദശലക്ഷം ഡോളര്‍ (899 കോടി രൂപ) കിംസില്‍ നിക്ഷേപിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി (ബി.എം.എച്ച്) യുടെ 70 ശതമാനം ഓഹരികള്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ കെ.കെ.ആറാണ് സ്വന്തമാക്കിയത്. മാക്‌സ് ഹെല്‍ത് കെയറില്‍ നിന്ന് അഞ്ച് മടങ്ങ് ലാഭം നേടിയ ശേഷമാണ് ബി.എം.എച്ചിനെ കെ.കെ.ആര്‍ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു ഏറ്റെടുക്കല്‍. മാത്രമല്ല, കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയും തൊടുപുഴയിലെ 350 കിടക്കകളുള്ള ചാഴിക്കാട്ട് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയും കെ.കെ.ആര്‍ സ്വന്തമാക്കിയിട്ടുണ്ട്. നിക്ഷേപത്തിന് മുന്നോടിയായി കെ.കെ.ആര്‍ സഹസ്ഥാപകന്‍ ഹെന്‍ട്രി ക്രവിസും ബെയ്ന്‍ കാപിറ്റല്‍, ബ്ലാക്‌സ്റ്റോണ്‍ തുടങ്ങിയ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2027 ഓടെ രാജ്യത്തെ ആശുപത്രികളുടെ വരുമാനം 219 ബില്ല്യന്‍ ഡോളര്‍ അതായത് 19.66 ലക്ഷം കോടി രൂപയാകുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. 2021ലെ വരുമാനത്തിന്റെ ഇരട്ടിയിലേറെയാണിത്.






