രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆ ഇന്ത്യൻ വ്യോമയാന രംഗത്ത് വരുന്നത് വലിയ മാറ്റങ്ങൾ ◆ റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆

ഫോബ്സ് ഇന്ത്യ 2026 അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാമത്; മലയാളികളിൽ മുന്നിൽ മുത്തൂറ്റ് കുടുംബം

ഫോബ്സിന്റെ 2026ലെ 100 ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും മുന്നിലെത്തി. ഗൗതം അദാനിക്കും കുടുംബത്തിനും 112.7 ബില്യൻ ഡോളറിന്റെ (10.78 ലക്ഷം കോടി രൂപ) ആസ്‌തിയാണുള്ളത്. മുകേഷ് അംബാനിക്ക് 86.3 ബില്യൻ (8.31 ലക്ഷം കോടി രൂപ).  ജെഎസ്ഡബ്ല്യു കമ്പനികളുടെ ഉടമകളായ ഒ.പി.ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാമത്; ആസ്തി 39.8 ബില്യൻ (3.83 ലക്ഷം കോടി രൂപ). ആർസലർ മിത്തൽ മേധാവി ലക്ഷ്മി മിത്തൽ (34.7 ബില്യൻ), ഭാരതി എയർ‌ടെലിന്റെ മേധാവി സുനിൽ മിത്തലും കുടുംബവും (32.9 ബില്യൻ) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

പട്ടികയിൽ 24-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ് മലയാളികളിൽ മുന്നിലുള്ളത്. 9.2 ബില്യൻ ഡോളറാണ് ആസ്തി (88,614 കോടി രൂപ). ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് തുടർന്നുള്ളത്. പട്ടികയിൽ 47-ാം സ്ഥാനമുള്ള യൂസഫലിയുടെ ആസ്തി 5.75 ബില്യൻ ഡോളർ (55,400 കോടി രൂപ). ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് മലയാളികളിൽ മൂന്നാംസ്ഥാനത്തുണ്ട്. 5.4 ബില്യൻ ഡോളറാണ് പട്ടികയിൽ 52-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി (52,000 കോടി രൂപ). ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4.1 ബില്യൻ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൻ), ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി.മേനോൻ (3.8 ബില്യൻ), കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ (3.55 ബില്യൻ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.

X
Top