
കൊച്ചി: 2026 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളർച്ചയോടെ 1386 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായമാണിത്.
അറ്റ പലിശ വരുമാനം 26.38 ശതമാനം വർദ്ധനവോടെ 3153 കോടി രൂപയും, ഫീ ഇൻകം 31.86 ശതമാനം വർദ്ധനവോടെ 1168 കോടി രൂപയുമായി. നിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 20.12 ശതമാനം വര്ധിച്ച് 6.41 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപം 18.61 ശതമാനം വർദ്ധനവോടെ 3.43 ലക്ഷം കോടി രൂപയായി.
കാസാ നിക്ഷേപം 103 ബിപിഎസ് വർധിച്ച് 1.09 ലക്ഷം കോടി രൂപയായി ആകെനിക്ഷേപത്തിന്റെ 32.04 ശതമാനമാണിത്. പ്രവാസിനിക്ഷേപം 26.63 ശതമാനം വർദ്ധനവോടെ 1.19 ലക്ഷം കോടി രൂപയായി ഉയർന്നു.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ വാർഷികാടിസ്ഥാനത്തിൽ 21.66 ശതമാനം വർദ്ധനവോടെ 3.02 ലക്ഷം കോടി രൂപയായി. ഇതോടെ വായ്പയിൽ മൂന്നു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് കടന്നു.
ഗോൾഡ് ലോൺ വാർഷികാടിസ്ഥാനത്തിൽ 37.13 ശതമാനവും വാണിജ്യ ബാങ്കിങ് വായ്പകള് 25.46 ശതമാനവും, കോര്പറേറ്റ് വായ്പകള് 17.19 ശതമാനവും കൊമേർഷ്യൽ വെഹിക്കിൾ/ കൊമേർഷ്യൽ എക്വിപ്മെന്റ് വായ്പകള് 21.74 ശതമാനവും പ്രോപ്പർട്ടി ലോൺ 32.21 ശതമാനവും ബിസിനസ് ബാങ്കിംഗ് 12.39 ശതമാനവും ക്രെഡിറ്റ് കാർഡ് 28.27 ശതമാനവും വർദ്ധിച്ചു.
വരവ്- ചെലവ് അനുപാതം 196 ബി പി എസ് നേട്ടത്തോടെ 52.08 ശതമാനമായി. ആസ്തിയിന്മേലുള്ള ആദായം 1.32 ശതമാനമായും ഓഹരിമേലുള്ള ആദായം 256 ബി പി എസ് വർദ്ധനവോടെ 13.57 ശതമാനമായും പ്രതി ഓഹരി ബുക്ക് വാല്യൂ 166.32 രൂപയായും ഉയർന്നു.
51 ബി പി എസ് മെച്ചപ്പെടലോടെ മൊത്ത നിഷ്ക്രിയ ആസ്തി 1.32 ശതമാനമായും 31 ബി പി എസ് മെച്ചപ്പെടലോടെ അറ്റ നിഷ്ക്രിയ ആസ്തി 0.17 ശതമാനമായും കുറഞ്ഞു.
86.78 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. 16.84 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ഈ പാദത്തിൽ തുടങ്ങിയ 12 ശാഖകൾ ചേരുമ്പോൾ ബാങ്കിന് നിലവിൽ 1662 ബാങ്കിംഗ് ഔട്ട് ലെറ്റുകളായി.






