
തിരുവനന്തപുരം: കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ പ്രവാസി നിക്ഷേപത്തിലും വായ്പകളിലും വൻ വളർച്ച രേഖപ്പെടുത്തി. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ (SLBC) അവലോകന യോഗം വ്യക്തമാക്കുന്നതനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ പ്രവാസി നിക്ഷേപം 11 ശതമാനം വളർച്ചയോടെ 3.24 ലക്ഷം കോടി രൂപയായി ഉയർന്നു.
ഇതോടൊപ്പം സംസ്ഥാനത്തെ ആകെ ബാങ്ക് നിക്ഷേപം 12 ശതമാനം വർധിച്ച് 10.62 ലക്ഷം കോടി രൂപയായും, ആകെ വായ്പകൾ 13 ശതമാനം ഉയർന്ന് 7.74 ലക്ഷം കോടി രൂപയായും വികസിച്ചു. റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ള 60 ശതമാനം പരിധിയേക്കാൾ വളരെ ഉയർന്ന നിരക്കായ 72.88 ശതമാനമാണ് നിലവിൽ കേരളത്തിലെ വായ്പ-നിക്ഷേപ അനുപാതം (CDR).
മുൻഗണനാ മേഖലകളായ കാർഷിക രംഗത്ത് 12 ശതമാനം വർധനവോടെ 1.73 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വായ്പയാണ് വിതരണം ചെയ്തത്; ചെറുകിട-ഇടത്തരം (MSME) മേഖലയിലെ വായ്പകൾ 11 ശതമാനവും വർധിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ താൽക്കാലിക ലിക്വിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ ‘എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം (ECLGS) 5.0’ യോഗം ചർച്ച ചെയ്തു.
‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളിലും ഇന്ദിരാ ഗ്യാരന്റികളിലും ബാങ്കുകൾ സർക്കാരിന്റെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ ആഹ്വാനം ചെയ്തു.
10,000 പുതിയ MSME യൂണിറ്റുകൾ സ്ഥാപിക്കുക, തീരദേശ വികസനം സാധ്യമാക്കുക, കേരളത്തെ ദക്ഷിണേഷ്യയിലെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക തുടങ്ങിയ സർക്കാരിന്റെ ദീർഘകാല പദ്ധതികൾക്ക് മുഖ്യമന്ത്രി ബാങ്കുകളുടെ പിന്തുണ തേടി.






