ന്യൂഡൽഹി: രാജ്യത്തെ അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ്. പ്രതിവര്‍ഷം 23 ശതമാനം വളര്‍ച്ചയാണ് ഈ മേഖല കൈവരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം ഈവര്‍ഷം മാര്‍ച്ചില്‍ 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഭുവനേഷ് കുമാര്‍ പറയുന്നു.
”ഇലക്ട്രോണിക്‌സ് കയറ്റുമതി പ്രതിവര്‍ഷം 23 ശതമാനം എന്ന തോതില്‍ അതിവേഗം വളരുകയാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് 30 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി നടത്തി”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക അര്‍ദ്ധചാലക ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ഇലക്ട്രോണിക് കയറ്റുമതിയില്‍ നിന്നുള്ള രാജ്യത്തിന്റെ അറ്റവരുമാനം വരും വര്‍ഷങ്ങളില്‍ പോസിറ്റീവ് ആകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ നിന്ന് 400 ബില്യണ്‍ യുഎസ് ഡോളറിന്റെ ഘടകമുണ്ടെന്നും ബാക്കിയുള്ളത് ഐടി അനുബന്ധ സമ്പദ്വ്യവസ്ഥയില്‍ നിന്നാണെന്നും കുമാര്‍ പറഞ്ഞു.
മൊത്തം സംഭാവനയുടെ 43 ശതമാനം മൊബൈല്‍ ഫോണുകളില്‍ നിന്നും, 12 ശതമാനം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സില്‍ നിന്നും, 8 ശതമാനം ഓട്ടോമോട്ടീവില്‍ നിന്നും, 5 ശതമാനം തന്ത്രപരമായ മേഖലയില്‍ നിന്നും 4 ശതമാനം ഐടി ഹാര്‍ഡ്വെയറില്‍ നിന്നും വരുന്നു. ഐടി ഹാര്‍ഡ്വെയര്‍ കുതിച്ചുയരാന്‍ തയ്യാറാണ്, വളരെ വേഗം അത് മറ്റുള്ളവരെ മറികടക്കും, ”അദ്ദേഹം പറഞ്ഞു.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ദ്ധചാലകങ്ങളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ (എസ്പിഇസിഎസ്) രണ്ടാം പതിപ്പ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.