
കൊച്ചി: രാജ്യംകണ്ട ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തട്ടിപ്പുകളിലൊന്ന് നടത്തിയ പേൾസ് അഗ്രോടെക് കോർപറേഷൻ ലിമിറ്റഡിന്‍റെ (പി.എ.സി.എൽ) 762.42 കോടി രൂപ മൂല്യംവരുന്ന വസ്തുവകകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) താൽക്കാലികമായി കണ്ടുകെട്ടി. ‘കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ’ (പി.എം.എൽ.എ) പ്രകാരമാണ് നടപടി. പഞ്ചാബ്, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ആസ്ട്രേലിയയിലുമായി ഉയർന്ന മൂല്യം വരുന്ന 68 വസ്തുവകകളാണ് കണ്ടുകെട്ടിയത്.
ഭൂമിയോ ഉയർന്ന സാമ്പത്തിക ലാഭമോ വാഗ്ദാനം ചെയ്ത് നിരോധിത ഇടപാടുകളിലൂടെ നിക്ഷേപം സ്വീകരിച്ചതിനാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പി.എ.സി.എല്ലിനും സഹോദര സ്ഥാപനമായ പി.ജി.എഫ്.എല്ലിനും (പേൾസ് ഗോൾഡൻ ഫോറസ്റ്റ് ലിമിറ്റഡ്) ഇവയുടെ സ്ഥാപകൻ നിർമൽ സിങ് ഭംഗുവിനുമെതിരെ നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച സി.ബി.ഐ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഇ.ഡി നടപടി ആരംഭിച്ചത്.
2024ൽ ഭംഗുവിന്‍റെ മരണശേഷവും ഇ.ഡി അന്വേഷണവും നടപടികളുമായി മുന്നോട്ട് നീങ്ങിയിരുന്നു. ആസ്ട്രേലിയയിൽ പി.എ.സി.എൽ സ്വന്തമാക്കിയ 462 കോടി രൂപ വരുന്ന വസ്തുക്കൾ മുമ്പ് കണ്ടുകെട്ടിയിരുന്നു. പി.എ.സി.എൽ തട്ടിപ്പിലെ ഇരകളെ സഹായിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റിയുടെ പരിഗണനയിലാണ് ഈ വസ്തുക്കൾ. ഇവ വിറ്റഴിച്ച് ഇരകൾക്ക് പണം തിരിച്ചുകൊടുക്കുകയാണ് നടപടി. അതേസമയം, ആ നടപടി വൈകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
പി.എ.സി.എൽ തട്ടിപ്പിലെ ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകൊടുക്കാൻ നടപടിയെടുക്കാൻ 2016ൽ സുപ്രീംകോടതിയാണ് ‘സെബി’ക്ക് നിർദേശം നൽകിയത്. ആസ്തികൾ കണ്ടുകെട്ടി വിറ്റ് ഇരകൾക്ക് നൽകാൻ 2019ലാണ് ജസ്റ്റിസ് ലോധ കമ്മിറ്റി നടപടി തുടങ്ങിയത്. ഇതിനായി ഓൺലൈനായി അപേക്ഷ നൽകാൻ ഇരകളോട് ആവശ്യപ്പെട്ടിരുന്നു.
അനധികൃത ഇടപാടുകൾ നടത്തുന്നതായി പി.എ.സി.എല്ലിനെതിരെ 1997ൽ പരാതി ലഭിച്ചതിനെത്തുടർന്ന് 1999ൽ സെബി പി.എ.സി.എല്ലിനോട് നിയമം പാലിക്കാൻ നിർദേശം നൽകിയിരുന്നു. 2018 സെപ്റ്റംബറിലാണ് പി.എ.സി.എൽ, പി.ജി.എഫ്.എൽ എന്നിവക്കും ഉടമ ഭംഗുവിനുമെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
5.8 കോടി നിക്ഷേപകരിൽനിന്നായി 49,100 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കബളിപ്പിച്ചെന്നാണ് പി.എ.സി.എല്ലിനെതിരായ ഇ.ഡി കേസ്. അതേസമയം, ഒന്നരലക്ഷം കോടിയുടെ തട്ടിപ്പ് നടന്നതായാണ് അനൗദ്യോഗിക കണക്ക്. നിക്ഷേപകരിൽനിന്ന് സമാഹരിച്ച പണം ഷെൽ കമ്പനികളിലേക്ക് മാറ്റിയാണ് പി.എ.സി.എൽ പതിറ്റാണ്ടുകളോളം തട്ടിപ്പ് നടത്തിയത്.
പി.എ.സി.എൽ നിക്ഷേപത്തട്ടിപ്പ് പതിനായിരക്കണക്കിന് ഇരകളെ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. പി.എ.സി.എല്ലില്‍ പണം നിക്ഷേപിച്ചവരും നിക്ഷേപം സമാഹരിക്കാൻ കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചവരുമടക്കം 40 പേരെങ്കിലും ആത്മഹത്യ ചെയ്തു.
അതിന്‍റെ പലമടങ്ങ് നിക്ഷേപകർ കബളിപ്പിക്കലിന് ഇരയായി മനോനില തകർന്ന് ജിവിക്കുന്നു. ചാലക്കുടി പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സണായിരുന്ന സിനിയെയും ഭർത്താവ് ബാബുവിനെയും 2018ൽ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പി.എ.സി.എല്ലാണ്.