
കൊച്ചി: സമഗ്ര പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പോളിസികളോട് കേരളത്തിലെ വാഹന ഉടമകള്‍ക്ക് താത്പര്യം ഏറുന്നു. ഇതോടൊപ്പം തന്നെ അധിക പരിരക്ഷ നൽകുന്ന ആഡ് ഓണുകളും കേരളത്തിലെ വാഹന ഉടമകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നു എന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള പ്രവണത ചൂണ്ടിക്കാണിക്കുന്നത്. റോഡ് അപകടങ്ങളേയും ബ്രേക്ക് ഡൗണുകളേയും കുറിച്ചുള്ള അവബോധ വർധനവാണ് ഇതിന് കാരണമെന്നാണ് ടാറ്റ എഐജിയുടെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്‍റെ സവിശേഷമായ ഭൂപ്രകൃതി, ശക്തമായ മഴ, വർധിച്ച തോതിലെ നഗര ഗതാഗതം എന്നിവ ഇവിടെ ഏറെ പ്രസക്തവുമാണ്. യാത്രയ്ക്കിടെ സഹായം, എഞ്ചിന്‍ സുരക്ഷ, ഡിപ്രീസിയേഷന്‍ റീ ഇമ്പേഴ്സ്മെന്‍റ് പരിരക്ഷ തുടങ്ങിയ അധിക പരിരക്ഷാ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതില്‍ വർധിക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങള്‍, അറ്റകുറ്റപ്പണിയുടെ ചെലവുകള്‍ തുടങ്ങിയവ ഇൻഷുറൻസ് പുതുതായി എടുക്കുമ്പോഴും പുതുക്കുമ്പോഴും വാഹന ഉടമകള്‍ കൂടുതലായി പരിഗണിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലുള്ള ക്രിയാത്മക പ്രതിഫലനമാണ് ഇവിടെ ദൃശ്യമാകുന്നത്. 2023, 2025 സാമ്പത്തിക വർഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ മഴയുമായി ബന്ധപ്പെട്ട ആഡ് ഓണുകള്‍ ഉള്‍പ്പെടുത്തിയ വാഹന ഇൻഷുറൻസ് പോളിസികളുടെ കാര്യത്തില്‍ ഗണ്യമായ വർധനവാണ് ഉണ്ടായത്. കേരളത്തിലെ നഗരങ്ങള്‍ക്കിടയില്‍ കൊച്ചിയാണ് ഇങ്ങനെ മെച്ചപ്പെടുത്തിയ പരിരക്ഷകള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത്. വൻതോതില്‍ മഴയുണ്ടാകുന്നതും വെള്ളക്കെട്ട് അനുഭവപ്പെടുന്നതുമായ മേഖലകളില്‍ അവബോധം വർധിക്കുന്നതാണ് ഇതിലൂടെ ഉയർത്തി കാണിക്കപ്പെടുന്നത്. കേരളത്തിലെ റോഡ് സുരക്ഷാ കർമ പദ്ധതി പ്രകാരം സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതകളില്‍ 36 ശതമാനത്തിലേറെ അപകട സാധ്യത ഏറിയവയാണെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. 1000 പേർക്ക് 425 വാഹനങ്ങള്‍ എന്ന തോതില്‍ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിലെ വാഹന ഉടമസ്ഥതയുള്ള ഇടവുമാണ് കേരളം.






