
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇടിവിന് ശേഷം ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 3.08 ശതമാനം ഉയര്‍ന്ന് 1.08 ട്രില്ല്യണ്‍ ഡോളറായി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 5.05 ശതമാനം ഇടിവ് നേരിട്ട് 77.33 ബില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.51 ശതമാനം അഥവാ 7.35 ബില്ല്യണ്‍ ഡോളറിലും സ്റ്റേബിള്‍കോയിന്‍ 92.98 ശതമാനം അഥവാ 71.90 ബില്ല്യണ്‍ ഡോളറിലുമാണുള്ളത്.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വിപണി മേധാവിത്തം 0.23 ശതമാനം കുറഞ്ഞ് 41.25 ശതമാനമായി. നിലവില്‍ 23,415.08 ഡോളറിലാണ് ജനകീയ കോയിനായ ബിറ്റ്‌കോയിനു (ബിടിസി)ള്ളത്. 24 മണിക്കൂറില്‍ 2.74 ശതമാനവും ഒരാഴ്ചയില്‍ 9.78 ശതമാനവും വിലവര്‍ധിപ്പിക്കാന്‍ ബിടിസിയ്ക്കായി.
രണ്ടാമത്തെ വലിയ കോയിനായ എഥേരിയം(ഇടിഎച്ച്) 24 മണിക്കൂറില്‍ 5.15 ശതമാനം ഉയര്‍ന്ന് 1656.95 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ 13.23 ശതമാനം ഉയര്‍ച്ച കൈവരിക്കാനും ഇടിഎച്ചിനായി. ബിഎന്‍ബി-292.37 ഡോളര്‍ (4.93 ശതമാനം വര്‍ധനവ്), എക്‌സ്ആര്‍പി-0.3736 ഡോളര്‍ (0.96 ഡോളര്‍), ബൈനാന്‍സ് -0.9999 ഡോളര്‍ (0.01 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.5101 ഡോളര്‍ (3.32 ശതമാനം വര്‍ധനവ്), സൊലാന-39.28 ഡോളര്‍ (2.55 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06778 (2.16 ശതമാനം ഇടിവ്), പൊക്കോട്ട്-8.15 ഡോളര്‍ (3.81 ശതമാനം വര്‍ധനവ്), അവലാഞ്ച് – 22.64 ഡോളര്‍ (4.77 ശതമാനം വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.
മറ്റ് പ്രധാന വാര്‍ത്തകളില്‍, ക്രിപ്‌റ്റോകറന്‍സി വായ്പ ദാതാക്കളായ വോള്‍ഡിന് 2022 നവംബര്‍ 7 വരെ മൊറട്ടോറിയം അനുവദിച്ച് സിംഗപ്പൂരില്‍ വിധിയായി.ഇതോടെ ഇടപാടുകാര്‍ക്കുള്ള പണം നല്‍കാന്‍ വോള്‍ഡിന് നാല് മാസത്തെ സമയം ലഭിക്കും. കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്ത സാമ്പത്തിക വിശദാംശങ്ങള്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഉപഭോക്താക്കളെ അറിയിക്കാനും കോടതി ചട്ടം കെട്ടി.
ഇന്ത്യക്കാരായ ദര്‍ശന്‍ ബഹീജയും സഞ്ജു സോണി കുര്യനും ചേര്‍ന്ന് സ്ഥാപിച്ച, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് വോള്‍ഡ്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചും വായ്പാദാതാക്കളുമായ വോള്‍ഡിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെഗളൂരുവിലാണ്. ക്രിപ്‌റ്റോകറന്‍സി വിപണി നേരിട്ട വലിയ തകര്‍ച്ചയാണ് ട്രേഡിംഗും പണം പിന്‍വലിക്കലും മരവിപ്പിക്കുന്നതിലേയ്ക്ക് വോള്‍ഡിനെ നയിച്ചത്.
വിപണിയിലെ അസ്ഥിരാവസ്ഥ കാരണം നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിക്കുകയാണെന്ന് ബ്ലോഗ് പോസ്റ്റില്‍ അവര്‍ അറിയിച്ചിരുന്നു 197.7 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജൂണ്‍ 12 തൊട്ട് ഇതുവരെ പിന്‍വലിക്കപ്പെട്ടത്. ഇതോടെ പ്രവര്‍ത്തനം നിര്‍ത്താന്‍ വോള്‍ഡ്തീരുമാനിക്കുകയായിരുന്നു.