ആധാർ തിരുത്തലുകൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ. നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനോ ചില വിവരങ്ങൾ തിരുത്താനോ ഉണ്ടോ? അതിനുള്ള അവസരമുണ്ട്. പക്ഷേ തിരുത്തലുകൾക്ക് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യു.ഐ.ഡി.എ.ഐ) പുതിയ നിർദ്ദേശങ്ങൾ കൊണ്ടു വന്നിട്ടുള്ളത്.
ഇതു പ്രകാരം ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി എന്നിവയിലെ തിരുത്തലുകൾ ഉൾപ്പെടെയുള്ള പുതിയ എൻറോൾമെൻ്റുകൾക്കും മാർഗ നിർദ്ദേശങ്ങൾ എത്തിയിരിക്കുന്നു.
തട്ടിപ്പ് കുറയ്ക്കുന്നതിനും ആധാർ രേഖകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്.
പുതുക്കിയ നിയമങ്ങൾ….
പേരിലെ മാറ്റം
വലിയ മാറ്റങ്ങളാണ് പുതുക്കിയ നിയമങ്ങൾ പ്രകാരം കൊണ്ടു വരുന്നത്. അതായത്, ആധാർ കാർഡിലെ പേരുകളിൽ ചെറിയ തിരുത്തലുകൾക്ക് പോലും ഗസറ്റ് വിജ്ഞാപനം ആവശ്യമായി വരും. നിങ്ങളുടെ പൂർണമായ പേരിലെ തിരുത്തലുകളും ഇതിൽ ഉൾപ്പെടുന്നു.
ചില അക്ഷരങ്ങളിലെ തെറ്റ് പോലും ബാധകമാണെന്ന് അർത്ഥം. ഇത്തരം തിരുത്തലുകൾക്ക് ഗസറ്റ് വിജ്ഞാപനത്തോടൊപ്പം അപേക്ഷകർ പഴയ പേരിലുള്ള തിരിച്ചറിയൽ രേഖയും സമർപ്പിക്കണം.
തിരിച്ചറിയൽ രേഖയായി പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, സർവ്വീസ് ഐഡന്റിറ്റി കാർഡ്, ഫോട്ടോ പതിപ്പിച്ച പുതിയ എസ്.എസ്.എൽ.സി ബുക്ക്, പാസ്‌പോർട്ട് എന്നീ രേഖകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ പേര് തിരുത്താൻ രണ്ട് അവസരം മാത്രമാണ് ലഭിക്കുകയുള്ളൂ. അതിൽ മാറ്റമില്ല.
മേൽ വിലാസം തിരുത്താൻ…
ആധാർ എടുക്കാനും വിലാസം തിരുത്താനും ഇനി മുതൽ നിങ്ങളുടെ ഫോട്ടോ പതിച്ച പൊതുമേഖലാ ബാങ്കിന്റെ പാസ്‌ബുക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. എന്നാൽ പാസ്ബുക്ക് തിരിച്ചറിയൽ രേഖയാക്കുന്നതിനും ചില നിബന്ധനകളുണ്ട്.
അതായത് ബാങ്കു രേഖകളിൽ നിങ്ങളുടെ മേൽവിലാസത്തിന്റെ വിവരങ്ങൾ പൂർണമായും ലഭ്യമായിരിക്കണം. മാത്രമല്ല ഇ.കെ.വൈ.സിയും പൂർണമായിരിക്കണം. ഇവ രണ്ടും പരിശോധിച്ച് കൃത്യമാണെന്ന് ശാഖാ മാനേജർ സാക്ഷ്യപത്രം നൽകണം.
ജനന തിയ്യതി തിരുത്താൻ….
ജനന തിയ്യതി ഒരു തവണ മാത്രമേ തിരുത്താനാവൂ. നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. 18 വയസ്സു വരെ ജനന തിയ്യതി തിരുത്തണമെങ്കിൽ ഓരോ സംസ്ഥാനത്തെയും വിവിധ അധികാരികൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഇതിനായി ഇനി മുതൽ പാസ്‌പോർട്ട്, എസ്.എസ്.എൽ.സി ബുക്ക് എന്നീ രേഖകൾ ബാധകമല്ല.
എന്നാൽ 18 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് ജനന തിയ്യതി തിരുത്താൻ എസ്.എസ്.എൽ.സി ബുക്ക് ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് എന്നിവയും അപേക്ഷകർ നൽകേണ്ടതുണ്ട്.
മാത്രമല്ല എസ്.എസ്.എൽ.സി ബുക്കിലെയും ആധാറിലേയും പേരുകൾ കൃത്യമാണോ എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.