
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ആഘോഷങ്ങളിലൊന്നായ കോമിക് കോൺ ഇന്ത്യയുടെ കൊച്ചി എഡിഷൻ 2026 ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ അങ്കമാലി എഐസിസിയിൽ നടക്കും. ഈ എഡിഷനിൽ ചില മുൻനിര സ്രഷ്ടാക്കളെ ഉൾപ്പെടുത്തുന്നതിലൂടെ ആരാധകരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പാനൽ സെഷനുകൾ, തത്സമയ പ്രകടനങ്ങൾ, കോസ്‌പ്ലേ മത്സരങ്ങൾ, സ്റ്റാൻഡ്-അപ്പ് കോമഡി, സംഗീത പരിപാടികൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
ക്രഞ്ചിറോളിന്റെ പിന്തുണയോടെ മാരുതി സുസുക്കി അരീന അവതരിപ്പിക്കുന്ന കോമിക് കോണിന്റെ ടിക്കറ്റുകൾ ഇപ്പോൾ സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിൽ ലഭ്യമാണ്. കൊച്ചി എപ്പോഴും പൈതൃകത്തെയും ആധുനിക സർഗ്ഗാത്മകതയെയും ചുരുക്കം ചില നഗരങ്ങൾക്ക് മാത്രം കഴിയുന്ന വിധത്തിൽ സന്തുലിതമാക്കിയിട്ടുള്ളതായി നോഡ്‌വിൻ ഗെയിമിംഗിന്റെ സഹസ്ഥാപകനും എംഡിയുമായ അക്ഷത് രതീ പറഞ്ഞു. കേരളത്തിലെ ആരാധകർ, കലാകാരന്മാർ, കോസ്‌പ്ലേയർമാർ, യുവ സ്രഷ്ടാക്കൾ എന്നിവർക്ക് പിന്തുണയും പ്രചോദനവും ലഭിക്കുന്ന ഒരു സ്ഥലമായി ഈ പതിപ്പ് മാറുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കോമിക് കോൺ ഇന്ത്യയുടെ സിഇഒ ഷെഫാലി ജോൺസൺ പറഞ്ഞു.






