
കൊച്ചി: കൊവിഡിലും തളരാതെ കയർ കയറ്റുമതിയിൽ ഇന്ത്യയുടെ കുതിപ്പ്. 2021-22ൽ 4,340.05 കോടി രൂപയുടെ 11,63,231 മെട്രിക് ടൺ കയറും ഉത്പന്നങ്ങളുമാണ് കയറ്റുമതി ചെയ്തത്. മുൻവർഷം കയറ്റുമതി വരുമാനം 3,778.98 കോടി രൂപയായിരുന്നു.
അളവിൽ 6.2 ശതമാനവും മൂല്യത്തിൽ 14.8 ശതമാനവുമാണ് വർദ്ധന. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരിനാര്, പവർലൂം മാറ്റുകൾ, കാർപ്പെറ്റ്, വടം തുടങ്ങിയവയാണ് വൻതോതിൽ കയറ്റിയയച്ചത്.
മൊത്തം കയർ കയറ്റുമതിയിൽ 52.05 ശതമാനവും ചകിരിച്ചോറാണ്. 2,259.18 കോടി രൂപയാണ് ചകരിച്ചോർ കയറ്റുമതി വരുമാനം. മാറ്റുകൾക്ക് 1,001.15 കോടി രൂപയും കയർ ഫൈബറിന് 636.56 കോടി രൂപയും ലഭിച്ചു.
മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായിരുന്നു കയറ്റുമതിയിൽ പ്രധാന്യം. 103 രാജ്യങ്ങളിലേക്ക് കയർ കയറ്റുമതി ചെയ്തു. അമേരിക്കയാണ് 29.79 ശതമാനവുമായി ഒന്നാമത്. 20 ശതമാനം വാങ്ങി ചൈന രണ്ടാമതുണ്ട്. നെതർലൻഡ്സ്, ദക്ഷിണകൊറിയ, യു.കെ., സ്‌പെയിൻ, ഓസ്ട്രേലിയ, ഇറ്റലി, ജർമ്മനി, കാനഡ എന്നിവയാണ് മറ്റ് പ്രധാനവിപണികൾ.
തൂത്തുക്കുടി തുറമുഖം വഴിയാണ് ഏറ്റവുമധികം കയർ കയറ്റുമതി; 46 ശതമാനം. 33.67 ശതമാനവുമായി കൊച്ചി രണ്ടാമതും 19.85 ശതമാനവുമായി ചെന്നൈ മൂന്നാമതുമാണ്.