
തിരുവനന്തപുരം: 2024ലെ ദേശീയ ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിംഗിൽ ‘ടോപ്പ് അച്ചീവർ’ സ്ഥാനം സ്വന്തമാക്കിയതിന്റെ ഭാഗമായി കേരള സർക്കാരിനെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള ഘടകം ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന സിഐഐ കേരള സ്റ്റേറ്റ് കൗൺസിലിന്റെ അഞ്ചാം യോഗത്തിനിടെയായിരുന്നു ഫെലിസിറ്റേഷൻ ചടങ്ങ്. നിയമം, വ്യവസായം, കയർ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് പി ഐഎഎസ് എന്നിവരെ നേട്ടത്തിലേക്കുള്ള നേതൃത്വത്തിനും സംഭാവനകൾക്കും ആദരിച്ചു.
ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറർനൽ ട്രേഡ്, കേന്ദ്ര സർക്കാരിന്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ പ്രകാരം പുറത്തിറക്കിയ 2024ലെ റേറ്റിംഗിലാണ് കേരളം വീണ്ടും ‘ടോപ്പ് അച്ചീവർ’ പട്ടികയിൽ ഇടം നേടിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പരിഷ്കാരനിഷ്ഠയും നിക്ഷേപ സൗഹൃദവുമായ സംസ്ഥാനങ്ങളിലൊന്നെന്ന സ്ഥാനം കേരളം വീണ്ടും ഉറപ്പിച്ചു. ‘ഫാസ്റ്റ് മൂവേഴ്‌സ്’ വിഭാഗത്തിലാണ് സംസ്ഥാനത്തിന് ‘ടോപ്പ് അച്ചീവർ’ പദവി ലഭിച്ചത്. 99.1% പരിഷ്കാര നടപ്പാക്കൽ സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. മുൻ വർഷത്തെ 91 ശതമാനത്തിൽ നിന്നുള്ള വലിയ മുന്നേറ്റമാണിത്. കാര്യക്ഷമവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാർ കൈവരിച്ച സ്ഥിരതയുള്ള പുരോഗതിയുടെ വ്യക്തമായ തെളിവാണിതെന്ന് വിലയിരുത്തുന്നു. ഫെലിസിറ്റേഷൻ ചടങ്ങിൽ സംസാരിച്ച മന്ത്രി പി രാജീവ്, ഈ നേട്ടം വ്യവസായ മേഖലയുടെ പങ്കാളിത്തത്തിനും നിരന്തരമായ അഭിപ്രായങ്ങൾക്കും സമർപ്പിച്ചു. പരിഷ്കാരങ്ങൾ ഒരു വർഷത്തിനുള്ള ശ്രമമല്ലെന്നും, പല വർഷങ്ങളായി തുടർന്നുവരുന്ന നയപരമായ സമീപനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റ് 2025ൽ ഒപ്പുവെച്ച എക്‌സ്പ്രഷൻസ് ഓഫ് ഇന്ററെസ്റ്റ്കളിൽ 33% പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, അടുത്ത രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ ഇത് 50 ശതമാനത്തിലേക്ക് ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, സ്ഥാപനപരമായ പരിഷ്കാരങ്ങളിലൂടെയും ഫലപ്രദമായ നടപ്പാക്കലിലൂടെയും ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. സിഐഐ സൗത്ത് റീജിയൻ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് കേരള സർക്കാരിനെ അഭിനന്ദിച്ചു. ഇത് ഒരു തവണ നടത്തിയ ശ്രമത്തിന്റെ ഫലമല്ല, ശക്തമായ രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമമായ ഭരണ സംവിധാനവും പിന്തുണയ്ക്കുന്ന പരിഷ്കാര സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സിഐഐ കേരള ചെയർമാൻ വികെസി റസാഖ്, തുടർച്ചയായ രണ്ടാം തവണയും ‘ടോപ്പ് അച്ചീവർ’ പദവി നേടിയത് സംസ്ഥാനത്തിന്റെ ആഗോള നിക്ഷേപ സൗഹൃദ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതായും പറഞ്ഞു.






