
മുംബൈ: ബിഎസ്എന്‍എല്‍ (BSNL), എംടിഎന്‍എല്‍ (MTNL), ആര്‍ഐഎന്‍എല്‍ (RINL) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ 13,500 കോടി രൂപ മൂല്യം വരുന്ന പ്രൈം റിയല്‍ എസ്റ്റേറ്റ് ഭൂമി വിറ്റഴിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് (DPE) അന്തിമ അനുമതി നല്‍കി.
നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ (NLMC) വഴിയാകും വില്‍പ്പന. പെതുമേഖല ടെലികോം വമ്പന്‍മാരെ ഉപയോഗപ്പെടുത്തി ധനസമാഹരണത്തിന് പുതിയ വഴികള്‍ തുറക്കുകയാണ് കേന്ദ്രം. നഗരമധ്യങ്ങളിലെ ഈ വമ്പന്‍ ഭൂമി വില്‍പ്പന ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.
നടപടികള്‍ എന്‍എല്‍എംസി വഴി
നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ (NLMC) വഴിയാകും ഈ വില്‍പന നടക്കുക. ഈ സാമ്പത്തിക വര്‍ഷം (2026- 27) തന്നെ 7,500 കോടി രൂപ മൂല്യം വരുന്ന വില്‍പ്പന പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബാക്കിയുള്ളവ 2027- 28 സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കും.
ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, ഗോവ എന്നിവിടങ്ങളിലെ ഏകദേശം 200 ഏക്കറോളം വരുന്ന 23 പ്രൈം ലാന്‍ഡ് പാഴ്‌സലുകളാണ് വില്‍ക്കുന്നത്.
ലക്ഷ്യം പരമാവധി നേട്ടം
കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള നീക്കമാണ് സര്‍ക്കാര്‍. വര്‍ഷങ്ങളായി വെറുതേ കിടക്കുന്ന തരിശു ഭൂമിയാണ് പണമാക്കുന്നത്. ഈ ഭൂമികള്‍ കമ്പനികള്‍ക്ക് വരുമാനം സൃഷ്ടിക്കുന്നവയല്ല. അതേസമയം ഈ വസ്തുവകകള്‍ എല്ലാം പ്രധാന നഗരങ്ങളുടെ ഹൃദയഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നവയാണ്. അതിനാല്‍ വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുക ലേലത്തില്‍ ലഭിക്കുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഡല്‍ഹിയിലെ ചാണക്യപുരി, വസന്ത് വിഹാര്‍, ഗോവയിലെ ബാംബോലിം തുടങ്ങിയിടങ്ങളിലെ ഭൂമിയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്
രാജ്യത്തിന്റെ സാമ്പത്തിക കമ്മി ജിഡിപിയുടെ 4.3 ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇത്തരമൊരു ലക്ഷ്യത്തിന് അധിക വരുമാന സ്രോതസുകള്‍ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. സര്‍ക്കാര്‍ ഭീമന്‍മാരുടെ പക്കല്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി പണമാക്കുന്നത് വഴി കടം വാങ്ങുന്നത് കുറയ്ക്കാനും, സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാധിക്കും.
സര്‍ക്കാരിന്റെ മൂലധന വരുമാനം വര്‍ധിക്കുന്നു
നികുതിയേതര മൂലധന വരുമാനമായി 84,000 കോടി രൂപ സമാഹരിക്കുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആസ്തികളുടെ വില്‍പന വഴി ലഭിക്കുന്ന തുക സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണ് പദ്ധതി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബാധ്യതകള്‍ കുറയ്ക്കാനും ഇത്തരം ആസ്തി വില്‍പനകള്‍ വഴി സാധിക്കും. 5ജി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ബിഎസ്എന്‍എല്ലിന് കൂടുതല്‍ പണത്തിന്റെ ആവശ്യമുണ്ട്.
സാധാരണക്കാര്‍ക്കു നേട്ടമുണ്ടോ
സര്‍ക്കാരിന്റെ ഈ നീക്കം നിക്ഷേപ അവസരം കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് നേട്ടമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ നേരിട്ട് നേട്ടമില്ലെന്നു തന്നെ പറയേണ്ടി വരും. 13,500 കോടി രൂപയുടെ വലിയ പദ്ധതിയായതിനാല്‍ സാധാരണക്കാര്‍ക്ക് നേരിട്ട് ഈ ലേലങ്ങളില്‍ പങ്കെടുക്കാനോ, ഭൂമി വാങ്ങാനോ കഴിയില്ല. വന്‍കിട റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും കോര്‍പ്പറേറ്റുകളും ആയിരിക്കും ഇവിടെ മത്സരിക്കുക.
എന്നാല്‍ സാധാരണക്കാര്‍ക്ക് ചില പരോക്ഷമായ നിക്ഷേപ അവസരങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ഈ ഭൂമി വാങ്ങുന്ന വന്‍കിട കമ്പനികള്‍ അവിടെ പുതിയ ഫ്‌ലാറ്റുകളോ, വാണിജ്യ സമുച്ചയങ്ങളോ നിര്‍മ്മിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് അവിടെ ഫ്‌ലാറ്റുകള്‍ വാങ്ങുകയോ, ബിസിനസ് ആരംഭിക്കുകയോ ചെയ്യാം.
ഇത്തരം ആസ്തികള്‍ സ്വന്തമാക്കുന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളിലും നിക്ഷേപ അവസരമുണ്ട്. ചിലര്‍ പദ്ധതിക്കായി ധനസമാഹരണവും നടത്തിയേക്കാം. ഇതും ഒരു അവസരമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ
ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഗോവ, കൊല്‍ക്കത്ത, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലായി സ്ഥിതി ചെയ്യുന്ന ഏകദേശം 23 ഓളം വസ്തുവകകള്‍ ആണ് നിലവില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്.
13,500 കോടി രൂപ എന്നത് ഒരു ഏകദേശ കണക്ക് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ലേലം നടക്കുമ്പോള്‍ വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ തുക കൂടുകയോ, കുറയുകയോ ചെയ്യാം.
വലിയ സര്‍ക്കാര്‍ ഇടപാടുകള്‍ ആയതിനാല്‍ പ്രതീക്ഷിക്കുന്ന സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകണമെന്നില്ല. പ്രത്യേകിച്ച് നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പകുതി വില്‍പന ലക്ഷ്യം വയ്ക്കുന്നുണ്ട്. സാങ്കേതികമായ കാലതാമസങ്ങള്‍ ഉണ്ടാകാം.
നിക്ഷേപകര്‍ ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം എംടിഎന്‍എല്‍ (MTNL) പോലുള്ള കമ്പനികളുടെ ഓഹരികളില്‍ അന്ധമായി നിക്ഷേപിക്കരുത്. കമ്പനിയുടെ കടബാധ്യതകളും, അടിസ്ഥാന സാമ്പത്തിക വിവരങ്ങളും കൃത്യമായി വിലയിരുത്തിയ ശേഷം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുക.






