മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

പാപ്പരായ സ്പിരിറ്റ് എയർലൈൻസിന്റെ ഡേറ്റ വാങ്ങാൻ ഗൂഗിൾ

ർത്തമാനകാല സാങ്കേതികവിദ്യാ ലോകത്ത് നിർമിത ബുദ്ധി മോഡലുകളെ പരിശീലിപ്പിക്കാൻ ഏറ്റവും അത്യാവശ്യം യഥാർഥ വിവരങ്ങളാണ്. ഈ ലക്ഷ്യം മുൻനിർത്തി, അടുത്തിടെ സർവീസ് അവസാനിപ്പിച്ച പ്രമുഖ യുഎസ് വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസിന്റെ ആന്തരിക വിവരങ്ങൾ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 1 കോടി ഡോളറിന് (ഏകദേശം 95 കോടി രൂപ) സ്വന്തമാക്കുന്നു.

സാധാരണയായി ഒരു കമ്പനി പാപ്പരാകുമ്പോൾ അവരുടെ സ്വത്തുക്കളോ ബ്രാൻഡ് പേരോ ആണ് ലേലത്തിൽ പോകാറുള്ളതെങ്കിൽ, ഇവിടെ കടത്തിലായ ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡേറ്റയ്ക്കായി വൻകിട ടെക് ഭീമന്മാർ രംഗത്തെത്തുന്നത് സാങ്കേതിക മേഖലയിലെ ഒരു പുതിയ മാറ്റത്തെയാണ് കാണിക്കുന്നത്.

∙ ഗൂഗിൾ എന്തൊക്കെ വിവരങ്ങളാണ് വാങ്ങുന്നത്?
ഈ കരാർ പ്രകാരം സ്പിരിറ്റ് എയർലൈൻസിന്റെ ഒരു വലിയ ഡേറ്റാശേഖരം തന്നെ ഗൂഗിളിന്റെ കൈകളിലെത്തും. ഏകദേശം 10 കോടി ഇമെയിലുകളും 50 കോടി മൈക്രോസോഫ്റ്റ് ടീംസ് മെസേജുകളുമാണ് ഇതിൽ പ്രധാനപ്പെട്ടത്.

1.7 കോടിലധികം വൺഡ്രൈവ് ഫയലുകൾ, 2 കോടിയിലധികം ഷെയർപോയിന്റ് ഡോക്യുമെന്റുകൾ, ബോർഡ് പ്രസന്റേഷനുകൾ, സ്പ്രെഡ്ഷീറ്റുകൾ, കലണ്ടറുകൾ, ബജറ്റ് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

കമ്പനിയുടെ ടെക്നിക്കൽ ലോഗുകളും 3 കോടിയോളം കോഡിങ് ലൈനുകൾ അടങ്ങിയ 516 എൻജിനീയറിങ് റെപ്പോസിറ്ററികളും വാങ്ങിയ ഡേറ്റാ ശേഖരത്തിലുണ്ട്. 19 കോടിയിലധികം ബുക്കിങ് റെക്കോർഡുകൾ, ഫ്ലൈറ്റ്-ക്രൂ ഷെഡ്യൂളുകൾ, 1,75,000-ലധികം ജീവനക്കാരുടെ മുൻകാല രേഖകൾ, 1986 മുതലുള്ള പേറോൾ, ടാക്സ് വിവരങ്ങളെല്ലാം വാങ്ങി.

∙ ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണോ?
പലരും ആശങ്കപ്പെടുന്നതുപോലെ വിമാനയാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. കൂടാതെ, കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ വ്യക്തിഗത വിവരങ്ങളെല്ലാം ഡീ-ഐഡന്റിഫൈ ചെയ്യും. അതായത്, മെസേജുകളോ രേഖകളോ ഏത് വ്യക്തിയുടേതാണെന്ന് കണ്ടെത്താൻ കഴിയില്ല. ഇത്തരത്തിൽ സുരക്ഷിതമാക്കിയ ഡേറ്റ മാത്രമേ ഗൂഗിളിന് ലഭിക്കൂ എന്ന് കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

∙ വിമാനക്കമ്പനിയുടെ ഡേറ്റ ഗൂഗിളിന് എന്തിന്?
എഐ സിസ്റ്റങ്ങളെയും പ്രത്യേകിച്ച് ലാർജ് ലാംഗ്വേജ് മോഡലുകളെയും (എൽഎൽഎം) കൂടുതൽ കാര്യക്ഷമമാക്കാൻ യഥാർഥ കോർപ്പറേറ്റ് ലോകത്തെ ആശയവിനിമയങ്ങൾ ആവശ്യമാണ്. ജീവനക്കാരുടെ തത്സമയ സന്ദേശങ്ങളും ഇമെയിലുകളും വിശകലനം ചെയ്യുന്നതിലൂടെ മനുഷ്യർ എങ്ങനെയാണ് തൊഴിലിടങ്ങളിൽ സംസാരിക്കുന്നതെന്നും തീരുമാനങ്ങൾ എടുക്കുന്നതെന്നും എഐ മോഡലുകൾക്ക് ഗ്രഹിക്കാൻ സാധിക്കും. ഇത് ഗൂഗിൾ വർക്ക്സ്പേസ്, ജിമെയിൽ, ഡോക്സ് എന്നിവയിലെ എഐ അസിസ്റ്റന്റുകളെ കൂടുതൽ സ്വാഭാവികമായി പെരുമാറാൻ സഹായിക്കും.

വിമാന സർവീസുകൾ നിയന്ത്രിക്കുക എന്നത് ലോജിസ്റ്റിക്സ്, സമയക്രമീകരണം, വിഭവ കൈകാര്യം ചെയ്യൽ എന്നിവയിൽ അതീവ സങ്കീർണമായ ഒന്നാണ്. ഇത്തരത്തിലുള്ള വലിയ ഡേറ്റ മനസ്സിലാക്കുന്നത് എഐക്ക് യഥാർഥ ബിസിനസ് ലോജിക് ഗ്രഹിക്കാൻ സഹായകരമാകും.

കംപ്യൂട്ടറുകൾ സ്വയം ഉണ്ടാക്കുന്ന നിർമിത ഡേറ്റയേക്കാൾ കൃത്യതയും വൈവിധ്യവും യഥാർഥ ലോകത്തിലെ ഡേറ്റയ്ക്കാണ് ഉള്ളതെന്നതും വസ്തുതയാണ്.

∙ എന്തുകൊണ്ട് ഈ കരാർ നിർണായകമാകുന്നു?
വർധിച്ച കടബാധ്യതയും ഇന്ധനവില വർധനവും കാരണം 2026 മേയിലാണ് സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചത്. അടുത്തിടെ നടന്ന ലേലത്തിൽ എഐ പരിശീലന കമ്പനിയായ മെർക്കർ നൽകിയ 75 ലക്ഷം ഡോളറിന്റെ (ഏകദേശം 71.78 കോടി രൂപ) ഓഫറിനെ മറികടന്നാണ് ഗൂഗിൾ 1 കോടി ഡോളറിന് (ഏകദേശം 95 കോടി രൂപ) ഈ ഡേറ്റ സ്വന്തമാക്കിയത്.

ആൽഫബെറ്റ് പോലുള്ള ഒരു വൻകിട കമ്പനിയെ സംബന്ധിച്ച് 1 കോടി ഡോളർ എന്നത് ഒരു ചെറിയ തുകയാണ്. എന്നാൽ ഇത് നൽകുന്ന സൂചന വളരെ വലുതാണ്. ഇന്റർനെറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ച് എഐ ട്രെയിൻ ചെയ്യുന്നത് പകർപ്പവകാശ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടായതോടെ, കമ്പനികൾ പുതിയ വഴികൾ തേടുകയാണ്.

തകർച്ചയിലായ അല്ലെങ്കിൽ പ്രവർത്തനം നിർത്തുന്ന കമ്പനികളുടെ ആന്തരിക ഡേറ്റ ഇനിമുതൽ ഒരു വലിയ വിൽപനച്ചരക്കായി മാറും എന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണിത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി കോർപ്പറേറ്റ് ഡേറ്റ മാത്രം വാങ്ങുന്നത് ഭാവിയിലെ നിയമപരമായ പ്രശ്നങ്ങളിൽ നിന്ന് ടെക് കമ്പനികൾക്ക് സംരക്ഷണം നൽകുന്നു.

X
Top