
ന്യൂഡൽഹി: അഞ്ച് വർഷമായി ചൈനീസ് കമ്പനികളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്ര ധന മന്ത്രാലയം. സർക്കാർ പദ്ധതികളുടെ കരാറുകളിൽ ചൈനീസ് കമ്പനികൾക്കും അവസരം നൽകും.
അയൽരാജ്യവുമായി നയതന്ത്ര–വ്യാപാര ബന്ധം പുനസ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിർണായക നീക്കമെന്നതും ശ്രദ്ധേയമാണ്. 2020ൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷങ്ങളാണ് വർഷങ്ങൾ നീണ്ട നിയന്ത്രണത്തിലേക്ക് നയിച്ചത്. നിലവിൽ സർക്കാർ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താൻ ചൈനീസ് കമ്പനികൾ വലിയ കടമ്പ കടക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്‍റെ പ്രത്യേക റജിസ്ട്രേഷന് പുറമെ ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ ക്ലിയറൻസും ഹാജരാക്കണം.
ഏതാണ്ട് ഏകദേശം 67 ലക്ഷം കോടി രൂപയുടെ കരാറുകളാണ് സർക്കാർ പ്രതിവർഷം നൽകുന്നതെന്നാണ് കണക്ക്. വിലക്ക് നീങ്ങിയാൽ ഈ കരാറുകളുടെ ഭാഗമാകാൻ ചൈനീസ് കമ്പനികൾക്ക് വീണ്ടും അവസരം ലഭിക്കുമെന്നും റിപ്പോർട്ട്.
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിലെ കമ്പനികൾക്ക് പ്രത്യേക രജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിലെ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും കൈക്കൊള്ളുന്നത്.
മാറ്റം എന്തിന്
ചൈനീസ് കമ്പനികൾക്ക് മേൽ ചുമത്തിയ നിയന്ത്രണം പല സർക്കാർ പദ്ധതികളിലും കാലതാമസം വരുത്തിയിരുന്നു. ഇതോടെ നിയന്ത്രണം ഒഴിവാക്കണമെന്ന് വിവിധ മന്ത്രാലയങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഊർജ മേഖലയിൽ ചൈനീസ് ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. തുടർന്നാണ് നിയന്ത്രണ വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയത്.
നേരത്തെ മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ദുബേയും ഇക്കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ചൈനീസ് കമ്പനികളുടെ നിയന്ത്രണം നീക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
ട്രംപ് താരിഫിനിടയിൽ പുതിയ നീക്കം
കുറച്ച് വർഷങ്ങളായി വഷളായിരുന്ന ഇന്ത്യ–ചൈന ബന്ധം അടുത്തിടെയാണ് മെച്ചപ്പെടുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 50 ശതമാനം ഇറക്കുമതി തീരുവയും അമേരിക്കയുടെ പാക് ബന്ധവുമാണ് ഇന്ത്യയെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തിന് ശേഷം ചൈനയിലെത്തി ചർച്ച നടത്തി. വർഷങ്ങളായി നിലച്ചിരുന്ന വിമാന സർവീസുകളും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ചൈനീസ് പൗരന്മാര്‍ക്കുള്ള ബിസിനസ് വിസയും ഇന്ത്യ പുനസ്ഥാപിച്ചു.
ബന്ധത്തിൽ പുരോഗതിയുണ്ടെങ്കിലും വാതിലുകൾ മുഴുവനായി തുറക്കാൻ ഇന്ത്യ ഇതുവരെയും തയാറായിട്ടില്ല. ഇന്ത്യയിൽ നിക്ഷേപിക്കാൻ താൽപര്യം അറിയിച്ച പല ചൈനീസ് കമ്പനികൾക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല.
ഹൈദരാബാദിൽ 85,000 കോടി രൂപ നിക്ഷേപിച്ച് നിർമാണ പ്ലാന്‍റ് തുറക്കാമെന്ന് ചൈനീസ് വാഹന ഭീമനായ ബിവൈഡി അറിയിച്ചെങ്കിലും സർക്കാര്‍ അനുമതി നിഷേധിച്ചു. പുതിയ സാഹചര്യത്തിൽ ചൈനീസ് നിക്ഷേപങ്ങളിൽ സർക്കാർ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഓഹരികളിൽ ഇടിവ്
അതേസമയം, ചൈനീസ് കമ്പനികൾക്ക് ഇളവ് നൽകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഭെൽ) ഓഹരികൾ കനത്ത നഷ്ടത്തിലായി. ഏതാണ്ട് 10 ശതമാനത്തോളമാണ് ഓഹരി ഇടിഞ്ഞത്.
ഓഹരിയൊന്നിന് 309.90 രൂപയിൽ വ്യാപാരം തുടങ്ങിയ ഭെൽ ഒരു വേള 261.50 രൂപ വരെ എത്തി. പിന്നീട് നില അൽപ്പം മെച്ചപ്പെടുത്തിയെങ്കിലും 8.78 ശതമാനം നഷ്ടത്തിൽ 267.90 രൂപയിലാണ് ക്ലോസ് ചെയ്തത്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഭെൽ. ചൈനീസ് കമ്പനികളുടെ കടന്നുവരവ് ഭെല്ലിന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.
ഭെല്ലിനൊപ്പം സീമെൻസ് ഓഹരികളും നാല് ശതമാനത്തോളം നഷ്ടത്തിലായി. ചൈനീസ് കമ്പനിയായ സിആർആർസി ഇന്ത്യയിലെത്തിയാൽ റെയിൽവേ മേഖലയില്‍ സീമെൻസിന്‍റെ സാധ്യതകൾ കുറയുമെന്ന ആശങ്കയാണ് കാരണം.






