
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍ (സിപിഎസ്ഇ) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊത്തം 1.5 ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടാക്കി. അതേസമയം നഷ്ടമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണവും അതുണ്ടാക്കുന്ന നഷ്ടവും പ്രതിവര്‍ഷം കുറയുകയാണ്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയില്‍ നല്‍കിയ വിവരമനുസരിച്ച്, 2021-22 അവസാനത്തില്‍ 248 സിപിഎസ്ഇകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2017-18ല്‍ 72 എണ്ണം നഷ്ടത്തിലായി. ഈ സംഖ്യ 2018-19 ല്‍ 69 ആയി കുറഞ്ഞു. 2019-20 ല്‍ ഇത് 84 ആയി ഉയര്‍ന്നെങ്കിലും അതിനുശേഷം, 2020-21 ല്‍ 76 ആയും പിന്നീട് 2021-22 ല്‍ 59 ആയും വീണ്ടും കുറഞ്ഞു.
പൊതുമേഖല കമ്പനികള്‍ 2019-20 ല്‍ നേരിട്ട നഷ്ടം 14,586 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 44,239 കോടി രൂപയില്‍ നിന്നും കുറവ്. മൊത്തത്തില്‍, 2017-18 മുതല്‍ 2021-22 വരെയുള്ള അഞ്ച് വര്‍ഷത്തില്‍ സിപിഎസ്ഇകള്‍ 1.54 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി.
ഈ സ്ഥാപനങ്ങളെ നേട്ടത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സിപിഎസ്ഇകളുടെ അധികാരപരിധിയിലുള്ള അതത് ബോര്‍ഡുകളും അഡ്മിനിസ്‌ട്രേറ്റീവ് മന്ത്രാലയങ്ങളും/വകുപ്പുകളും ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളുന്നു.
‘ബിസിനസ് പുനഃസംഘടിപ്പിക്കല്‍, സംയുക്ത സംരംഭങ്ങളുടെ രൂപീകരണം, ആധുനികവല്‍ക്കരണം, മെച്ചപ്പെട്ട വിപണന തന്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പുതിയ പൊതുമേഖലാ എന്റര്‍പ്രൈസ് (‘പിഎസ്ഇ’) നയം വിജ്ഞാപനം ചെയ്തു. ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള തന്ത്രപരവും തന്ത്രപരമല്ലാത്തതുമായ മേഖലകളാണ് വിജ്ഞാപനത്തിലുള്ളത്. പുതിയ പിഎസ്ഇ നയത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സിപിഎസ്ഇകള്‍ കൈകാര്യം ചെയ്യേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതനുസരിച്ച് സിപിഎസ്ഇകള്‍ തന്ത്രപ്രധാന മേഖലകളില്‍ – ആണവോര്‍ജം, ഗതാഗതവും ടെലികമ്മ്യൂണിക്കേഷനും,ബഹിരാകാശം, പ്രതിരോധം,വൈദ്യുതി, പെട്രോളിയം, കല്‍ക്കരി, മറ്റ് ധാതുക്കള്‍. ബാങ്കിംഗ് ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവനങ്ങള്‍- എന്നിവയില്‍ ഏറ്റവും കുറഞ്ഞ സാന്നിധ്യം നിലനിര്‍ത്തും. മറ്റ് മേഖലകളിലെ സിപിഎസ്ഇകള്‍ സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും.






