
പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രണ്ട് ശതമാനം അറ്റാദായ വളർച്ച രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ അറ്റാദായം 4,856 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ ഇത് 4,752 കോടി രൂപയായിരുന്നു. ജൂൺ പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 38,063 കോടി രൂപയിൽ നിന്ന് 39,684 കോടി രൂപയായി വർധിച്ചു. പലിശ വരുമാനം 31,003 കോടി രൂപയിൽ നിന്ന് 32,957 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭം കഴിഞ്ഞ വർഷത്തെ 8,554 കോടി രൂപയിൽ നിന്ന് 8,636 കോടി രൂപയായി വർധിച്ചു.
ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. മൊത്തം നിഷ്ക്രിയ ആസ്തികളുടെ അനുപാതം 2.69 ശതമാനത്തിൽ നിന്ന് 1.57 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങൾക്കായുള്ള വകയിരുത്തൽ 1,845 കോടി രൂപയിൽ നിന്ന് 1,399 കോടി രൂപയായി കുറഞ്ഞു.
പ്രൊവിഷൻ കവറേജ് അനുപാതം 93.17 ശതമാനത്തിൽ നിന്ന് 94.76 ശതമാനമായി വർധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം16.52 ശതമാനത്തിൽ നിന്ന് 17.17 ശതമാനമായി ഉയർന്നതും സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമായതായി സൂചിപ്പിക്കുന്നു.






