
ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. ഓഹരി വില ലിസ്റ്റിംഗിനു ശേഷം ഇഷ്യു വിലയേക്കാള്‍ 13 ശതമാനം വരെ ഉയര്‍ന്നു. 346 രൂപയായിരുന്നു ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയറിന്റെ ഇഷ്യു വില. 359 രൂപക്ക് വ്യാപാരം ആരംഭിച്ച ഓഹരി 393 രൂപ വരെ ഉയര്‍ന്നു.
ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയറിന്റെ ഐപിഒക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്. ഐപിഒ 7.94 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്. ഓഹരി വില്‍പ്പനയിലൂടെ 840.27 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളുടെ വില്‍പ്പനയാണ് കമ്പനി നടത്തിയത്.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ 5.49 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 20201-22ല്‍ 702.88 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 744.94 കോടി രൂപയായി വളര്‍ന്നു.
ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം കുറഞ്ഞു. 2021-22ല്‍ 181.59 കോടി രൂപയായിരുന്ന ലാഭം 2022-23ല്‍ 160.03 കോടി രൂപയായി കുറയുകയാണ് ചെയ്‌തത്. 2021-22ല്‍ വരുമാനത്തിന്റെ 25.84 ശതമാനമായിരുന്ന ലാഭം 2022-23ല്‍ 21.48 ശതമാനമായി കുറയുകയും ചെയ്‌തു.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനി 184.60 കോടി രൂപ വരുമാനം കൈവരിച്ചു. 44.12 കോടി രൂപയാണ് ഇക്കാലയളവിലെ ലാഭം.