
മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ 2022 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം 59 ശതമാനം വർധിച്ച് 3,313 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 2,088 കോടി രൂപയായിരുന്നു വായ്പാദാതാവിന്റെ അറ്റാദായം.
അതേപോലെ മൊത്തം വരുമാനം ഒരു വർഷം മുൻപത്തെ 20,270.74 കോടി രൂപയിൽ നിന്ന് 23,080.03 കോടി രൂപയായി ഉയർന്നപ്പോൾ അറ്റ പലിശ വരുമാനം 34.5 ശതമാനം വർധിച്ച് 10,714 കോടി രൂപയായി.
പ്രസ്തുത പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) മൊത്ത അഡ്വാൻസുകളുടെ 5.31 ശതമാനമായി കുറഞ്ഞതോടെ വായ്പ ദാതാവിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. കൂടാതെ ഈ കാലയളവിലെ അറ്റ നിഷ്‌ക്രിയ ആസ്തി 1.16 ശതമാനമായി കുറഞ്ഞു. തൽഫലമായി, കിട്ടാക്കടങ്ങൾക്കും ആകസ്‌മികതകൾക്കുമുള്ള പ്രൊവിഷനുകൾ 2,753.59 കോടി രൂപയിൽ നിന്ന് 1,627.46 കോടി രൂപയായി.
2022 സെപ്റ്റംബർ പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ മാർജിൻ 3.33 ശതമാനവും മൂലധന പര്യാപ്തത അനുപാതം 15.25 ശതമാനവുമായിരുന്നു. ഏകീകൃത അടിസ്ഥാനത്തിൽ, ബാങ്ക് ഓഫ് ബറോഡ ഗ്രൂപ്പിന്റെ അറ്റാദായം മുൻ വർഷം ഇതേ കാലയളവിൽ 2,168 കോടി രൂപയിൽ നിന്ന് 3,400 കോടി രൂപയായി ഉയർന്നു.