
സിഡ്നി: കോവിഡ് കാലത്ത് നിയമവിരുദ്ധമായി 1,820 ജീവനക്കാരെ പിരിച്ചുവിട്ടതിന് ഓസ്ട്രേലിയൻ എയർലൈനായ ക്വാന്റസിന് ഫെഡറൽ കോടതി 59 മില്യൻ യുഎസ് ഡോളർ (90 മില്യൻ ഓസ്ട്രേലിയൻ ഡോളർ) പിഴ ചുമത്തി.
തൊഴിൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഗ്രൗണ്ട് ജീവനക്കാരുടെ അഞ്ച് വർഷത്തെ നിയമ പോരാട്ടമാണ് ഇതോടെ ഫലം കണ്ടത്.
ഓസ്ട്രേലിയൻ ഫെഡറൽ കോടതിയുടേതാണ് ഉത്തരവ്. എയർലൈൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് വിധി. സാമ്പത്തിക നേട്ടങ്ങൾക്കായി തൊഴിൽ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഇതൊരു യഥാർഥ പ്രതിരോധമാകുമെന്നാണ് ജസ്റ്റിസ് മിഖായേൽ പരാമർശിച്ചത്.
പിരിച്ചുവിടലിനെ തുടർന്ന് ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ നേടാനോ വിലപേശലിനോയുള്ള അവസരവും എയർലൈൻ നൽകിയില്ലെന്നും കോടതി കണ്ടെത്തി.
പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാരമായി 120 മില്യൻ ഓസ്ട്രേലിയൻ ഡോളർ നൽകണമെന്ന് കഴിഞ്ഞ വർഷം നിർദേശിച്ചതിന് പുറമെയാണ് 90 മില്യൻ ഓസ്ട്രേല്യൻ ഡോളർ പിഴ ചുമത്തിയിരിക്കുന്നത്.
കോടതി വിധിയെ മാനിക്കുന്നുവെന്നും പിരിച്ചുവിടലിനെ തുടർന്ന് ദുരിതത്തിലായ 1,820 ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ക്ഷമാപണം നടത്തുന്നതായും ക്വാന്റാസ് ചീഫ് എക്സിക്യൂട്ടീവ് വെനേസ്സ ഹുഡ്സൻ പ്രസ്താവനയിൽ വ്യക്തമാക്കി. പിഴത്തുക രണ്ട് ഭാഗമായി അടയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണുകളും അതിർത്തി അടച്ചിടലും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയ 2020 ഓഗസ്റ്റിലാണ് 1,820 ഗ്രൗണ്ട് സ്റ്റാഫുകളെ പിരിച്ചുവിട്ട് അവരുടെ ജോലികൾ പുറം ഏജൻസികളെ കൊണ്ട് ചെയ്യിക്കാൻ എയർലൈൻ തീരുമാനിച്ചത്.
104 വർഷത്തെ സേവന പാരമ്പര്യമുള്ള ക്വാന്റാസ് നിയമവിരുദ്ധമായ പിരിച്ചുവിടൽ, അമിതമായ ടിക്കറ്റ് നിരക്ക്, റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റ് വിൽപന തുടങ്ങിയ വിവാദങ്ങളെ തുടർന്ന് നഷ്ടപ്പെട്ട പ്രശസ്തി തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ്.