
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൻ ഡിമാൻഡ് നേരിടുന്ന സാഹചര്യത്തിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഏഥർ എനർജി. നിലവിൽ ആവശ്യക്കാരുടെ എണ്ണം വിതരണത്തേക്കാൾ വളരെ കൂടുതലായതിനാലാണ് കമ്പനി നിർമ്മാണ ശേഷി വിപുലീകരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ഉപഭോക്തൃ അന്വേഷണങ്ങളിൽ 95 ശതമാനം വർദ്ധനവും പണമടച്ചുള്ള പ്രീ-ഓർഡറുകളിൽ 158 ശതമാനം വർദ്ധനവും (1.5 ലക്ഷം ഓർഡറുകൾ) രേഖപ്പെടുത്തിയതായി ഏഥർ എനർജി സി.ഇ.ഒ തരുൺ മേത്ത വ്യക്തമാക്കി.
മതിയായ ഉൽപ്പാദനം ഉണ്ടായിരുന്നെങ്കിൽ പ്രതിമാസം 13,000 മുതൽ 15,000 വരെയുള്ള കൂടുതൽ സ്‌കൂട്ടറുകൾ വിൽക്കാൻ കമ്പനിക്ക് സാധിക്കുമായിരുന്നു. നിലവിൽ കാത്തിരിപ്പ് കാലാവധി രണ്ട് മാസത്തോളമായതിനാൽ ചില ഡീലർമാർ പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്.
വിതരണ വിടവ് പരിഹരിക്കാൻ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ പുതിയ നിർമ്മാണ കേന്ദ്രം സജ്ജമാക്കുകയാണ്. ഇതിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ വാർഷിക ഉൽപ്പാദന ശേഷി 4.2 ലക്ഷത്തിൽ നിന്ന് 9.2 ലക്ഷം യൂണിറ്റായി ഉയരും. രണ്ടാം ഘട്ടത്തിൽ ഇത് 14.2 ലക്ഷം യൂണിറ്റായി വർദ്ധിപ്പിക്കും.
തമിഴ്‌നാട്ടിലെ ഹൊസൂർ പ്ലാന്റിലെ നിർമ്മാണവും സജീവമാണ്. ഉൽപ്പാദനം കൂട്ടുന്നതിനായി 2,500 കോടി രൂപ സമാഹരിക്കാൻ ഏഥർ പദ്ധതിയിടുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചെങ്കിലും, ഉൽപ്പന്നങ്ങളുടെ വില പരിഷ്കരണത്തിലൂടെയും സോഫ്റ്റ്‌വെയർ പാക്കേജ് വിൽപ്പനയിലൂടെയും കമ്പനി ആദ്യമായി പോസിറ്റീവ് എബിറ്റാ കൈവരിച്ചു.
ആദ്യ പാദത്തിൽ കമ്പനിയുടെ ശരാശരി വിൽപ്പന വില 1.61 ലക്ഷമായി ഉയർന്നിട്ടുണ്ട്.






